അറബിക്കടലിന്റെ വടക്ക് നടുക്കടലിലാണ് കടൽക്കൊള്ളക്കാരെ ഇന്ത്യൻ നാവികസേന നേരിടുന്നത്

കൊച്ചി: അറബിക്കടലിൽ അഞ്ചംഗ സംഘം റാഞ്ചിയ ചരക്ക് കപ്പലിന് അകത്തേക്ക് ഇന്ത്യൻ നാവികസേനയുടെ മറൈൻ കമ്മാന്റോകൾ പ്രവേശിപ്പിച്ചു. കപ്പൽ കടൽക്കൊള്ളക്കാരിൽ നിന്ന് മോചിപ്പിക്കാനും ബന്ദികളാക്കപ്പെട്ട ഇന്ത്യാക്കാരായ ജീവനക്കാരെ മോചിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് നീക്കം. ആഴക്കടലിൽ എന്ത് വെല്ലുവിളിയും അതിജീവിക്കാനുള്ള വിദഗ്ദ്ധ പരിശീലനം നേടിയ കമ്മാന്റോകളാണ് കപ്പൽ മോചിപ്പിക്കാൻ രംഗത്തിറങ്ങിയിട്ടുള്ളത്.

അറബിക്കടലിന്റെ വടക്ക് നടുക്കടലിലാണ് കടൽക്കൊള്ളക്കാരെ ഇന്ത്യൻ നാവികസേന നേരിടുന്നത്. സൊമാലിയ തീരത്ത് നിന്ന് അകലെ ആഴക്കടലിലാണ് ലൈബീരിയൻ പതാകയുള്ള എംവി ലില നോര്‍ഫോക് കപ്പലുള്ളത്. ഇതിന് തൊട്ടടുത്ത് എത്തിയ ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ചെന്നൈ യുദ്ധക്കപ്പലിൽ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് മറൈൻ കമ്മാന്റോകൾ കടൽക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലേക്ക് പ്രവേശിച്ചത്.

നേരത്തേ കുറ്റവാളികളോട് കപ്പൽ ഉപേക്ഷിക്കാൻ മുന്നറിയിപ്പ് നൽകിയ ശേഷം അനുകൂല പ്രതികരണം ഉണ്ടാകാതെ വന്നതോടെയാണ് മറൈൻ കമ്മാന്റോസ് നീക്കം തുടങ്ങിയത്. കപ്പലിലെ ഇന്ത്യാക്കാരായ ജീവനക്കാര്‍ സുരക്ഷിതരാണെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും നാവികസേന പറയുന്നു. ഇന്നലെ വൈകിട്ടാണ് അക്രമികൾ കപ്പലിൽ കടന്നതായുള്ള സന്ദേശം നാവികസേനയ്ക്ക് കിട്ടിയത്. നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് കൊച്ചിയും ചരക്ക് കപ്പലിന് അടുത്തേക്ക് തിരിച്ചിട്ടുണ്ട്. ചെങ്കടലിലും അറബിക്കടലിലും ചരക്കു കപ്പലുകൾക്കെതിരെ ഡ്രോൺ ആക്രമണങ്ങൾ നടന്ന പശ്ചാത്തലത്തിൽ മേഖലയിൽ നാല് യുദ്ധക്കപ്പലുകൾ വിന്യസിച്ച് ഇന്ത്യൻ നാവികസേന നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്