ലണ്ടന്‍: ഇന്ത്യന്‍ വംശജരായ കുടുംബം വെസ്റ്റ് ലണ്ടനിലെ ബ്രെന്‍ഫര്‍ഡില്‍ താമസസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചവരില്‍ മൂന്ന് വയസ്സ് പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടും. കുഹ രാജ് സിതംമ്പരനാഥന്‍ (42), ഭാര്യ കാമേശ്വരി ശിവരാജ്(36), മകന്‍ കൈലാഷ് കുഹ രാജ് (3) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 

സെപ്തംബര്‍ 21നാണ് അമ്മയെയും കുഞ്ഞിനെയും അവസാനമായി കണ്ടതെന്നാണ് സമീപവാസികള്‍ പറയുന്നത്. ഇവരെ കാണാത്തതിനെ തുടര്‍ന്ന് ഒരു ബന്ധു പൊലീസില്‍ വിവരമറിയിച്ചതോടെ പൊലീസ് എത്തി വീടന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്നതോടെ മൂവരുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു.

പൊലീസ് എത്തിയപ്പോഴേക്കും പൂര്‍ണയും മകനും മരിച്ചിരുന്നു. എന്നാല്‍  കുത്തേറ്റതിന്റെ ആഴത്തിലുള്ള പരിക്കുകളോടെ കണ്ടെത്തിയ കുഹ രാജ് സിതംബരനാഥന്‍ ഉടനെ മരണത്തിന് കീഴടങ്ങി. 

ഭാര്യയെയും കുഞ്ഞിനെയും കൊന്ന് കുഹ രാജ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.