Asianet News MalayalamAsianet News Malayalam

ഓക്സ്ഫോഡ് സര്‍വ്വകലാശാലയിലും ബീഫ്, മട്ടണ്‍ നിരോധനം; നീക്കത്തിന് പിന്നില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി

വിഹാന്‍ ജെയിനിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാര്‍ഥി യൂണിയനോട് ക്യാംപസിലെ ഭക്ഷ്യശാലകളില്‍ ബീഫ്, ആട് എന്നിവയുടെ മാംസം എന്നിവ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രമേയം സമര്‍പ്പിച്ചത്. ഈ പ്രമേയം വിദ്യാര്‍ഥി യൂണിയനില്‍ 31 വോട്ടുകള്‍ നേടിയാണ് പാസായിട്ടുള്ളത്.

Indian origin student behind move of meat free oxford university
Author
London, First Published Nov 19, 2020, 10:59 AM IST

ലണ്ടന്‍: ബ്രിട്ടണിലെ ഓക്സ്ഫോഡ് സര്‍വ്വകലാശാലയെ 'മീറ്റ് ഫ്രീ' ക്യാംപസാക്കാനുള്ള പ്രയത്നങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി. സര്‍വ്വകലാശാലയിലെ ഹരിതഗൃഹ പ്രസാരണത്തില്‍ കുറവ് വരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ക്യാംപസിനെ മാംസ ഉപയോഗം നിര്‍ത്തണമെന്ന ആവശ്യവുമായി ഓക്സ്ഫോഡ്  വിദ്യാര്‍ഥി യൂണിയന്‍ മുന്നോട്ട് വന്നിട്ടുള്ളത്. ഓക്സ്ഫോഡ് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള വോര്‍സെസ്റ്റര്‍ കോളേജിലെ വിഹാന്‍ ജെയിന്‍ എന്ന വിദ്യാര്‍ഥിയാണ് ഈ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നാണ് എന്‍ഡി ടി വി റിപ്പോര്‍ട്ട്. 

വിഹാന്‍ ജെയിനിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാര്‍ഥി യൂണിയനോട് ക്യാംപസിലെ ഭക്ഷ്യശാലകളില്‍ ബീഫ്, ആട് എന്നിവയുടെ മാംസം എന്നിവ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രമേയം സമര്‍പ്പിച്ചത്. ഈ പ്രമേയം വിദ്യാര്‍ഥി യൂണിയനില്‍ 31 വോട്ടുകള്‍ നേടിയാണ് പാസായിട്ടുള്ളത്. ഒന്‍പത് പേര്‍ പ്രമേയത്തിന് എതിരായി വോട്ട് ചെയ്തപ്പോള്‍ 13 പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലയായ ഓക്സ്ഫോഡ് കാലാവസ്ഥ വ്യതിയാനം നേരിടുന്നതിനായി ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു പ്രമേയം വിശദമാക്കിയത്. 

കാലാവസ്ഥാ വ്യതിയാനത്തില്‍  2030ല്‍ നേടണമെന്ന് വിചാരിക്കുന്ന നേട്ടം ബീഫ്, മട്ടണ്‍ നിരോധനത്തിലൂടെ സാധിക്കുമെന്നാണ് പ്രമേയം വിശദമാക്കുന്നത്. പ്രമേയം പാസായതോടെ  ഓക്സ്ഫോഡ് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ ബീഫ്, മട്ടണ്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുകയും കാലക്രമത്തില്‍ പൂര്‍ണമായി നിരോധനം ഏര്‍പ്പെടുത്താനുമാണ് വിദ്യാര്‍ഥി യൂണിയന്‍റെ തീരുമാനം. പ്രാദേശിക തലത്തിലുള്ള സമ്പദ് വ്യവസ്ഥയെ ഈ നീക്കം സാരമായി ബാധിക്കുമെന്ന വിമര്‍ശനം പ്രമേയം തള്ളി. 

സര്‍വ്വകലാശാലയിലെത്തിക്കുന്ന മാംസത്തിന് പ്രാദേശികമായി ആവശ്യക്കാരുണ്ടാവുമെന്നാണ് വിമര്‍ശനങ്ങള്‍ക്കുള്ള പ്രമേയത്തിലെ മറുപടി. 1.5 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 2 ഡിഗ്രി സെല്‍ഷ്യസ് വരെ താപം ഇത്തരത്തില്‍ കുറയ്ക്കാനാവുമെന്നാണ് പ്രമേയം നിരീക്ഷിക്കുന്നത്. സര്‍വ്വകലാശാലയ്ക്കുള്ളിലെ ഭക്ഷണശാലകളില്‍ വാങ്ങുന്ന മാംസത്തിന്‍റെ അളവില്‍ 28 ശതമാനത്തോളം കുറവ് ഉടന്‍ വരുത്താനാണ് നീക്കം. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ്, യൂണിവേഴ്സിറ്റി ഓഫ് ലണ്ടന്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബീഫ്,. മട്ടണ്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പന ഇതിനോടകം നിരോധിച്ചിട്ടുള്ളവയാണ്. 

Follow Us:
Download App:
  • android
  • ios