ദില്ലി: ചൈനീസ് കമ്പനിക്ക് നല്‍കിയ കരാര്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ. ഗുണനിലവാരമില്ലെന്നും ജോലി പുരോഗമിക്കുന്നില്ലെന്ന കാരണം പറഞ്ഞാണ് ഇന്ത്യന്‍ റെയില്‍വേ കരാര്‍ റദ്ദാക്കിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കാണ്‍പുരിനും മുഗള്‍സാരായിക്കും ഇടയിലുള്ള ഈസ്റ്റേണ് ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിലെ 417 കിലോമീറ്റര്‍ ദൂരത്തെ ടെലികമ്മ്യൂണിക്കേഷന്‍, സിഗ്നല്‍ ജോലികളുടെ കരാറാണ് റെയില്‍വേ റദ്ദാക്കുന്നത്. ബീജിംഗ് നാഷണല്‍ റെയില്‍വേ റിസര്‍ച്ചിനും ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നല്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഗ്രൂപ്പിന് 2016ലാണ് 471 കോടിക്ക് റെയില്‍വേ കരാര്‍ നല്‍കിയത്. 2019ല്‍ പദ്ധതി പൂര്‍ത്തിയാക്കാമെന്നായിരുന്നു കരാര്‍. എന്നാല്‍ 2020 പകുതിയായിട്ടും 20 ശതമാനം ജോലികള്‍ മാത്രമാണ് കമ്പനി പൂര്‍ത്തിയാക്കിയതെന്നും റെയില്‍വേ അറിയിച്ചു. 

ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യ-ചൈനീസ് സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിന് തൊട്ടുപിന്നാലെയാണ് റെയില്‍വേയുടെ നടപടി. സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് ചൈനീസ് ഉപകരണങ്ങളും സാങ്കേതിക വിദ്യയും ഒഴിവാക്കാന്‍ കേന്ദ്രം ആവശ്യപ്പെടുമെന്നും സൂചനയുണ്ട്. ബിഎസ്എന്‍എല്ലിനോട് 4ജി വികസനത്തില്‍ ചൈനീസ് ഉപകരണങ്ങള്‍ ഒഴിക്കാന്‍ ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടേക്കും. ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക കാമ്പയിനും നടക്കുന്നുണ്ട്.