ഭാര്യയോടൊപ്പം യാത്ര ചെയ്ത അദ്ദേഹം ന്യുയോർക്കിൽ നിന്നും വീൽചെയർ പാസഞ്ചറായിട്ടാണ് എയര്‍ ഇന്ത്യയിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ന്യൂയോർക്കിൽ നിന്ന് പുറപ്പെട്ട AI 116 വിമാനത്തിൽ ഇക്കണോമി ക്ലാസിൽ ഇരുവരും ടിക്കറ്റെടുത്തിരുന്നു. 

ന്യുഡൽഹി: 80 വയസുകാരനായ യാത്രക്കാരൻ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് നോട്ടീസ് നൽകി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ. വീൽ ചെയർ നൽകാത്തതിനെ തുടര്‍ന്ന് ടെർമിനലിലേക്ക് നടന്നു വരേണ്ടി വന്ന വയോധികനാണ് വിമാനത്താവളത്തിൽ വെച്ച് മരണപ്പെട്ടത്. വ്യോമയാന ചട്ടങ്ങളുടെ ലംഘനമാണ് എയര്‍ ഇന്ത്യ നടത്തിയതെന്ന് ഡിജിസിഎ നൽകിയ നോട്ടീസിൽ ആരോപിക്കുന്നു. ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

വികലാംഗര്‍ക്കും നടക്കാൻ ബുദ്ധിമുട്ടുള്ളവര്‍ക്കും സുഗമമായ യാത്ര ഉറപ്പുവരുത്താൻ ലഭ്യമാക്കേണ്ട സൗകര്യങ്ങളെക്കുറിച്ച് വ്യോമയാന ചട്ടങ്ങളിൽ പ്രതിപാദിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള യാത്രക്കാർക്ക്, യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിലെ ഡിപ്പാര്‍ചര്‍ ടെർമിനൽ മുതൽ വിമാനത്തിനകത്ത് എത്തുന്നത് വരെയും, ലക്ഷ്യസ്ഥാനത്തെ വിമാനത്താവളത്തിൽ എത്തുമ്പോൾ വിമാനത്തിനകത്ത് നിന്ന് അറൈവൽ ടെർമിനലിലെ എക്സിറ്റ് വരെയും സഹായം നൽകണമെന്നാണ് നിയമം. ഇതിന് ആവശ്യമായ വീൽ ചെയറുകള്‍ സജ്ജമാക്കണമെന്ന് എല്ലാ വിമാനക്കമ്പനികളോടും നിഷ്കര്‍ഷിച്ചിട്ടുമുണ്ട്. ഈ ചട്ടങ്ങള്‍ പാലിക്കുന്നതിലെ വീഴ്ചയാണ് വയോധികന്റെ മരണത്തിൽ കലാശിച്ചതെന്നാണ് ആരോപണം.

മരണപ്പെട്ട 80 വയസുകാരൻ ഇന്ത്യൻ വംശജനായ അമേരിക്കൻ പൗരനാണ്. ഭാര്യയോടൊപ്പം യാത്ര ചെയ്ത അദ്ദേഹം ന്യുയോർക്കിൽ നിന്നും വീൽചെയർ പാസഞ്ചറായിട്ടാണ് എയര്‍ ഇന്ത്യയിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ന്യൂയോർക്കിൽ നിന്ന് പുറപ്പെട്ട AI 116 വിമാനത്തിൽ ഇക്കണോമി ക്ലാസിൽ ഇരുവരും ടിക്കറ്റെടുത്തിരുന്നു. വിമാനം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.10ന് മുംബൈ വിമാനത്താവളത്തിലെത്തി. എയർ ഇന്ത്യയുടെ വീൽ ചെയർ സൗകര്യം അദ്ദേഹം നേരത്തെ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു.

എന്നാൽ വിമാനത്തിൽ നിന്ന് ഇറങ്ങാൻ നേരം വീൽ ചെയർ ലഭ്യമാക്കാതിരുന്നതോടെ അദ്ദേഹം ടെർമിനലിലേക്ക് നടക്കുകയായിരുന്നു. ഇതേ വിമാനത്തിൽ 32 പേര്‍ വീൽ ചെയ‍ർ ആവശ്യമുള്ള യാത്രക്കാരായിരുന്നിട്ടും 15 വീൽ ചെയറുകള്‍ മാത്രമേ സജ്ജീകരിച്ചിരുന്നുള്ളൂ എന്ന് ജീവനക്കാരിൽ നിന്ന് തന്നെ പുറത്തുവന്ന റിപ്പോർട്ടുകള്‍ പറയുന്നു. 'വീൽ ചെയറുകള്‍ക്ക് ആവശ്യക്കാർ ഏറെയായിരുന്നതിനാൽ അദ്ദേഹത്തോട് കാത്തിരിക്കാൻ ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ അത് വകവെയ്ക്കാതെ അദ്ദേഹം നടന്നുപോകാൻ തീരുമാനിക്കുകയായിരുന്നു' എന്നുമാണ് എയര്‍ ഇന്ത്യ വക്താവ് വിശദീകരിക്കുന്നത്. സംഭവം നിർഭാഗ്യകരമാണെന്നും മരിച്ച യാത്രക്കാരന്റെ കുടുംബവുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...