Asianet News MalayalamAsianet News Malayalam

'ഗോമൂത്രത്തിന് ഗുണമില്ല, ഗവേഷണം അനാവശ്യ ധൂര്‍ത്ത്'; കേന്ദ്ര സര്‍ക്കാരിനോട് അപേക്ഷയുമായി ശാസ്ത്രജ്ഞര്‍

വിശ്വാസത്തില്‍ അധിഷ്ഠിതമായ കപടശാസ്ത്രമാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. ഇതിനായി വന്‍തോതില്‍ പണം ചെലവിടുന്നത് നിലവിലെ രാജ്യത്തെ സാമ്പത്തിക അവസ്ഥയില്‍ ഉചിതമല്ലെന്നും ശാസ്ത്രജ്ഞര്‍

Indian scientists against scheme to study benefits of cow dung, urine, and milk
Author
New Delhi, First Published Feb 25, 2020, 1:26 PM IST

ദില്ലി: ഗോമൂത്രം, ചാണകം എന്നിവയെപ്പറ്റിയുള്ള ഗവേഷണത്തിന് അടിസ്ഥാനമില്ലെന്നും നീക്കം അനാവശ്യ ധൂര്‍ത്താണെന്നും കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി 500ല്‍ അധികം ശാസ്ത്രജ്ഞര്‍.  ഗോമൂത്രം, ചാണകം എന്നിവയുടെ ഔഷധഗുണത്തേപ്പറ്റിയും ക്യാന്‍സര്‍ അടക്കമുള്ള മാറാ രോഗങ്ങളെ ഭേദമാക്കുന്നതില്‍ അതിനുള്ള ഫല സിദ്ധിയെപ്പറ്റിയും പഠനങ്ങള്‍ നടത്താന്‍ ഗവേഷകര്‍ക്ക് മേല്‍ സമ്മര്‍ദം മുറുകിയ സാഹചര്യത്തിലാണ് മറുപടി. 

വിശ്വാസത്തില്‍ അധിഷ്ഠിതമായ കപടശാസ്ത്രമാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. ഇതിനായി വന്‍തോതില്‍ പണം ചെലവിടുന്നത് നിലവിലെ രാജ്യത്തെ സാമ്പത്തിക അവസ്ഥയില്‍ ഉചിതമല്ലെന്നും ശാസ്ത്രജ്ഞര്‍ ഓണ്‍ലൈന്‍ ഹര്‍ജിയില്‍ വിശദമാക്കുന്നു. വിശ്വാസപരമായി പ്രചരിക്കുന്ന കാര്യങ്ങള്‍ക്ക് അടിസ്ഥാനുണ്ടെന്ന് കാണിക്കുന്നതിനാണ് ഇത്തരമൊരു ഗവേഷണം കൊണ്ട് ലക്ഷ്യമിടുന്നതെന്നും അല്ലാതെ ശാസ്ത്രീയ നേട്ടമല്ലെന്നും ഹര്‍ജി തയ്യാറാക്കിയ ഗവേഷകന്‍ അനികേത് സൂലെ പറയുന്നു. ഹോമി ബാബാ സെന്‍റര്‍ ഫോര്‍ സയന്‍സ് എഡ്യൂക്കേഷനിലെ റീഡര്‍ പദവി വഹിക്കുന്ന വ്യക്തിയാണ് അനികേത് സൂലെ. ഇത്തരം ഗവേഷണങ്ങളിലേക്ക് പണം എറിയുന്നതിന് മുന്‍പ് അവകാശ വാദങ്ങളില്‍ അടിസ്ഥാനമുണ്ടോയെന്ന് പ്രാഥമിക പരിശോധനയെങ്കിലും നടത്തേണ്ടതാണെന്നും അനികേത് വ്യക്തമാക്കി. 

ശാസ്ത്ര സാങ്കേതിക വകുപ്പാണ് ഗവേഷക പദ്ധതിയെക്കുറിച്ച് പ്രഖ്യാപിച്ചത്. ആയുര്‍വേദ, യോഗ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപതി വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയായിരുന്നു പദ്ധതി പ്രഖ്യാപിച്ചത്. 'കൗപതി'യില്‍ അധിഷ്ഠിതമായ ഗവേഷണങ്ങളെയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സ്വാഗതം ചെയ്തത്. ഗോമൂത്രം, ചാണകം എന്നിവയുടെ ഉപയോഗം കൊണ്ട് ക്യാന്‍സര്‍, പ്രമേഹം എന്നിവയ്ക്ക് പുറമേ കാര്‍ഷിക മേഖലയിലെ സാധ്യതകളും തേടിയായിരുന്നു ഗവേഷണം. മതഗ്രന്ഥങ്ങളില്‍ നിന്ന് കണ്ടുപിടിക്കുന്ന സാങ്കല്‍പികമായ ഗുണങ്ങളെപ്പറ്റി അന്വേഷിച്ച് പാഴാക്കാനുള്ളതല്ല സര്‍ക്കാറിന്‍റെ പണമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. 

500 ഓളം ഗവേഷകരാണ് ഗവേഷണം നിര്‍ത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഗോമൂത്രത്തിന് ശാസ്ത്രീയപരമായ ഗുണമൊന്നുമില്ലെന്നും ക്യാന്‍സര്‍ ചികിത്സയില്‍ ഗോമൂത്രത്തിന് ഒന്നും ചെയ്യാനില്ലെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ഗവേഷണത്തിലൂടെ സ്വദേശി പശുക്കളിൽ നിന്നുള്ള ഉത്പന്നങ്ങൾ വർധിപ്പിക്കാനുള്ള ശാസ്ത്രീയ നീക്കം എന്ന് പേരിട്ടിരുന്ന ഈ പഠനം കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ കീഴിലാണ് നടത്താൻ തീരുമാനിച്ചിരുന്നത്. ഇതിനായി ചില ശാസ്ത്രകാരന്മാരെയും തിരഞ്ഞെടുത്തിരുന്നു. 

Follow Us:
Download App:
  • android
  • ios