ഭൂട്ടാന്‍: ബുദ്ധസ്തൂപത്തെ അപമാനിച്ച ഇന്ത്യന്‍ ബൈക്കര്‍ ഭൂട്ടാനില്‍ പിടിയില്‍. മഹാരാഷ്ട്ര സ്വദേശിയായ അഭിജിത് രതന്‍ ഹജരേയാണ് പിടിയിലായത്. ദൊലൂച്ചയിലെ  ബുദ്ധ സ്തൂപത്തിന് മുകളില്‍ കയറി നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയ കുറ്റത്തിനാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ഏണിവെച്ച് ബുദ്ധസ്തൂപത്തിന് മുകളില്‍ കയറിയിരിക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയുമായിരുന്നു അദ്ദേഹം. ഇത് ബുദ്ധ സ്തൂപത്തെയും വിശ്വാസത്തെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് ഭൂട്ടാന്‍കാരുടെ വിശ്വാസം.  

ഭൂട്ടാനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ദി ബൂട്ടാനീസിനെ അധികരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പതിനഞ്ച് അംഗ ബൈക്ക് ടൂറിസ്റ്റ് സംഘത്തിന്‍റെ ഭാഗമായിരുന്നു അഭിജിത്ത് ഹജരേ. ഇദ്ദേഹത്തിന്‍റെ പാസ്പോര്‍ട്ട് പിടിച്ചെടുത്തതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഭൂട്ടാന്‍ പൊലീസ് വ്യക്തമാക്കി.