പുതിയ പാമ്പൻ പാലത്തിന്റെയും രാമേശ്വരത്തേയും ധനുഷ്‌കോടിയേയും ബന്ധിപ്പിക്കുന്ന പുതിയ റെയില്‍വേ ലൈനിന്റെയും നിര്‍മാണത്തിനാണ് പ്രധാനമന്ത്രി തറക്കല്ലിടുക.
രാമേശ്വരം: ഇന്ത്യൻ റെയിൽവേയുടെ രണ്ട് പ്രധാനപ്പെട്ട പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും. പുതിയ പാമ്പൻ പാലത്തിന്റെയും രാമേശ്വരത്തേയും ധനുഷ്‌കോടിയേയും ബന്ധിപ്പിക്കുന്ന പുതിയ റെയില്‍വേ ലൈനിന്റെയും നിര്‍മാണത്തിനാണ് പ്രധാനമന്ത്രി തറക്കല്ലിടുക. 104 വര്‍ഷം പഴക്കമുള്ള പാമ്പന്‍ പാലത്തിന് പകരമായി നിർമ്മിക്കുന്ന പാലമാണ് പുതിയ പാമ്പൻ പാലം.

ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് പാലമാണിത്. 2.05 കിലോമീറ്ററില്‍ 250 കോടി രൂപ ചെലവിട്ടാണ് നിര്‍മാണം. ഇരട്ടപ്പാതയായിട്ടാണ് പാലം നിര്‍മിക്കുക. പഴയ പാമ്പൻ പാലത്തിനേക്കാളും 3.0 മീറ്റർ ഉയരത്തിലാണ് പുതിയ പാലം പണിയുന്നത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് 1964 ൽ ഒലിച്ചുപോയ പാലത്തിന് പകരമായിട്ടാണ് രാമേശ്വരത്തേയും ധനുഷ്‌കോടിയേയും ബന്ധിപ്പിക്കുന്ന പുതിയ റെയില്‍വേ ലൈൻ നിർമിക്കുന്നത്.
17.20 കിലോ മീറ്ററിൽ 208 കോടി രൂപ ചെലവിട്ടാണ് റെയില്‍വേ ലൈനിന്റെ നിർമാണം. വിനോദ സഞ്ചാര കേന്ദ്രമായ ധനുഷ്കോടിയിലേക്കുള്ള യാത്ര സുഗമമാക്കാൻ പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്ന് അധികൃതർ പറയുന്നു. നാല് വര്‍ഷം കൊണ്ട് പുതിയ പാലവും റെയില്‍വേ ലൈനും പൂര്‍ത്തിയാകും.
