ദില്ലി: രാജ്യത്ത് കൊവിഡ് മുക്തി നിരക്ക് ഉയരുന്നു. ഇന്നലെ മാത്രം എഴുപത്തി അയ്യായിരം പേര്‍ രോഗ മുക്തരായതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 33,98,844 ആയി ഉയര്‍ന്നു. രോഗ മുക്തി നിരക്ക് 77.77 ശതമാനമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം രോഗബാധിതരുടെ എണ്ണവും ആശങ്കാജനകമായി ഉയരുകയാണ്.  ഇന്നലെ 89,706 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 43,70,128 ആയി ഉയര്‍ന്നു.  24 മണിക്കൂറിനുള്ളില്‍ 1115 പേര്‍ മരിച്ചതോടെ ആകെ മരണം 73890 ആയി. ഒൻപത് ലക്ഷത്തോളം പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 11.5 ലക്ഷം സാംപിള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.

മഹാരാഷ്ട്രയിൽ ഇന്നലെ  20, 131 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശിൽ  10601, കർണാടകയിൽ 7866, തമിഴ്നാട്ടിൽ 5684, യു പിയിൽ 6622, പശ്ചിമ ബംഗാളില്‍ 3091, ഒഡീഷയില്‍ 3490, ഹരിയാനയില്‍ 2286,ഡൽഹിയിൽ 3609,  എന്നിങ്ങനെയാണ് പ്രതിദിന രോഗബാധ.