ദില്ലി: രാജ്യത്ത് ആദ്യമായി കൊറോണ ബാധ സ്ഥിരീകരിച്ചത് മലയാളി വിദ്യാർത്ഥിനിക്കാണെന്ന് കേന്ദ്രസർക്കാർ. ചൈനയിൽ നിന്ന് തിരികെയെത്തിയ മലയാളി മെഡിക്കൽ വിദ്യാർത്ഥിനിക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വുഹാൻ സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥിനിക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ഇത് കേന്ദ്രസർക്കാർ സ്ഥിരീകരിച്ചിട്ടുമുണ്ട്.

കേന്ദ്രസർക്കാർ തന്നെ ഇക്കാര്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരടക്കം യോഗത്തിൽ പങ്കെടുക്കും. മൂന്ന് മണിയോടെ ആരോഗ്യമന്ത്രി വാർത്താസമ്മേളനവും വിളിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഈ വാർത്താ സമ്മേളനത്തിൽ വിശദീകരിക്കും എന്നാണ് പ്രതീക്ഷ.

ആരോഗ്യമന്ത്രി അൽപസമയത്തിനകം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്നതിനെക്കുറിച്ചും, ഇനിയെന്ത് നടപടികളാണ് സ്വീകരിക്കാനിരിക്കുന്നത് എന്നതിനെക്കുറിച്ചും വിശദീകരിക്കും. 

അതേസമയം, ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും, വിദ്യാർത്ഥിനിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിട്ടുണ്ടെന്നും സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. 

വിദ്യാ‍ർത്ഥിനിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും, കുട്ടിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും വാർത്താ ഏജൻസി വ്യക്തമാക്കുന്നു. എവിടെയാണ് വിദ്യാർത്ഥിനി ചികിത്സയിലുള്ളത് എന്നതടക്കമുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

സംസ്ഥാനത്ത് ഇതുവരെ കൊറോണ വൈറസ് ലക്ഷണങ്ങളോടെ ചികിത്സയിലുള്ളവരുടെ കണക്ക് (ഇന്നലെ വൈകിട്ട് ലഭ്യമായത് വരെ) ഇങ്ങനെയാണ്:

ആകെ സംസ്ഥാനത്തെമ്പാടും നിരീക്ഷണത്തിലുള്ളത് 806 പേരാണ്.

ചൈനയിൽ നിന്ന് വന്നവരെയാണ് നിരീക്ഷണത്തിൽ വച്ചിരിക്കുന്നത്

ഇതിൽ 19 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്

ഇതിൽ ഒമ്പത് പേരെ ഡിസ്ചാർജ് ചെയ്തു

ബാക്കിയുള്ളവരെല്ലാം വീട്ടിലാണ് ചികിത്സയിലുള്ളത്

16 പേരുടെ രക്തസാമ്പിളുകൾ പുനെ വൈറോളജി ലാബിൽ അയച്ചിരുന്നു

അതിൽ പത്ത് പേരുടെ ഫലം വന്നിരുന്നു. അതെല്ലാം നെഗറ്റീവായിരുന്നു

ഇനി വരാനുള്ളത് ആറ് പേരുടെ ഫലമാണ്

ഇന്ന് നാല് ടെസ്റ്റ് റിസൽട്ടുകൾ പുറത്തുവന്നിരുന്നു

ഇതിൽ മൂന്ന് പേരുടെയും നെഗറ്റീവാണ്, ഇതിൽ ഒന്നാണ് പോസിറ്റീവ് എന്നാണ് സംശയിക്കുന്നത്.