ബോർഡിംഗ് ഗേറ്റിൽ എത്തിയിട്ടും വിമാനം കയറാൻ സാധിച്ചില്ലെന്ന് ഇൻഡിഗോയ്‌ക്കെതിരെ യാത്രക്കാരന്റെ പരാതി.
ഗുരുഗ്രാം: ബോർഡിംഗ് ഗേറ്റിൽ എത്തിയിട്ടും വിമാനം കയറാൻ സാധിച്ചില്ലെന്ന് ആരോപിച്ച് ഇൻഡിഗോ എയർലൈൻസിനെതിരെ ഗുരുഗ്രാം സ്വദേശിയായ യാത്രക്കാരൻ. നിമിഷങ്ങൾ വൈകിയതിനാണ് തന്റെ തൊട്ട് മുന്നിൽ വച്ച് ബോര്‍ഡിങ് ഗേറ്റ് അടച്ചതെന്നും, വിമാനം നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറയുന്നു. ദില്ലിയിൽ നിന്ന് ബാഗ്ഡോഗ്രയിലേക്ക് യാത്ര ചെയ്യുകയായിരുന്ന അമിത് മിശ്ര, ജൂൺ 5-ന് ബോർഡിങ് സമയത്ത് ഗേറ്റിൽ എത്തിയിട്ടും തന്നെ വിമാനത്തിൽ കയറ്റിയില്ലെന്ന് ആരോപിക്കുന്നു.
ബിസിനസ്സ് യാത്ര റദ്ദാക്കാൻ ഇത് കാരണമായി. വലിയ സാമ്പത്തിക നഷ്ടമുണ്ടായി. 60 സെക്കൻഡിന്റെ മസം തനിക്കുണ്ടാക്കിയ നഷ്ടം വിശദീകരിച്ച് അദ്ദേഹം ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച വിശദമായ പോസ്റ്റിൽ പറയുന്നു. 'ഇൻഡിഗോ എയർലൈൻസ് ഇതാണോ നിങ്ങളുടെ ഉത്തരവാദിത്തം? 60 സെക്കൻഡ് വൈകിയതിന്റെ പേരിൽ, ഗേറ്റ് തുറന്നിരിക്കുമ്പോൾ പോലും, മുഴുവൻ ബിസിനസ്സ് യാത്രയും റദ്ദാക്കണമെന്ന അവസ്ഥ, പകരം യാത്രക്ക് ഇരട്ടി പണം ചെലവാക്കേണ്ടി വരുമെന്നും ഞാൻ ഒരിക്കലും കരുതിയില്ലയെന്നും അദ്ദേഹം പറഞ്ഞു.
7:30-നുള്ള വിമാനത്തിന്റെ ബാഗേജ് രാവിലെ 6:25-ഓടെ ചെക്ക് ഇൻ ചെയ്തു. 7:04-ന് ബോർഡിംഗ് ഗേറ്റിൽ എത്തിയെന്നും അദ്ദേഹം പറയുന്നു. ഇത് വിമാനം പുറപ്പെടുന്നതിന് 26 മിനിറ്റ് മുൻപായിരുന്നു. എന്നിട്ടും തന്നെ ജീവനക്കാർ മടക്കി അയച്ചുവെന്നും അദ്ദേഹം ആരോപിച്ചു.ഗേറ്റ് തുറന്നിരിക്കുകയായിരുന്നു, തന്റെ മുന്നിലും പിന്നിലും യാത്രക്കാരുണ്ടായിരുന്നു. താൻ പ്രവേശിക്കാൻ ആവശ്യപ്പെട്ട് മൂന്ന് മിനിറ്റിന് ശേഷം, ജീവനക്കാർ ഡിജിസിഎ ഉദ്യോഗസ്ഥരെ വിളിക്കുകയും തന്റെ കൺമുമ്പിൽ വെച്ച് ഗേറ്റ് അടയ്ക്കുകയും ചെയ്തുവെന്നും അദ്ദേഹം കുറിക്കുന്നു.
വിമാനത്തിന്റെ സമയം 07.20ലേക്ക് മാറിയിരുന്നു. എന്നാൽ തനിക്ക് എസ്എംഎസോ സന്ദേശങ്ങലോ മെയിലോ ലഭിച്ചില്ലെന്നും അദ്ദേഹം കുറിച്ചു. കമന്റിൽ, തന്റെ അടുത്ത വിമാനത്തെക്കുറിച്ചുള്ള മറ്റൊരു കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ദില്ലിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനവും 6:45-ൽ നിന്ന് 6:35-ലേക്ക് മാറ്റിയിരുന്നു. പുതുക്കിയ സമയമായിട്ടും 6:07 വരെ ബോർഡിംഗ് ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സർ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത കോൺടാക്റ്റ് നമ്പറിൽ ഞങ്ങൾ ബന്ധപ്പെടാൻ ശ്രമിച്ചു; എന്നാൽ, ഞങ്ങൾക്ക് കണക്ട് ചെയ്യാൻ കഴിഞ്ഞില്ല. ദയവായി ഒരു മറ്റൊരു നമ്പറും സൗകര്യപ്രദമായ സമയവും അറിയിക്കും, ഞങ്ങൾക്ക് നിങ്ങളുമായി ബന്ധപ്പെടും എന്നുമാണ് എയർലൈൻ മറുപടി നൽകിയിരിക്കുന്നത്.
