ചെന്നെെ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമായതോടെ രാജ്യത്തെ വിമാനത്താവളങ്ങളിലെല്ലാം കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആഭ്യന്തര, രാജ്യാന്തര സര്‍വീസുകളിലെ യാത്രക്കാരെയെല്ലാം കൃത്യമായ പരിശോധനകള്‍ക്ക് ശേഷം മാത്രമാണ് വിമാനത്തിനുള്ളിലേക്ക് കടത്തി വിടുകയുള്ളൂ.

ഇതിനിടെ കടുത്ത സുരക്ഷാ പരിശോധനക്കെതിരെ പ്രതിഷേധിച്ച മലയാളി യാത്രക്കാരനെ ചെന്നെെ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ലെെന്‍സ് അധികൃതര്‍ വിമാനത്തില്‍ കയറ്റിയില്ല. ബോംബ് എന്ന വാക്ക് ഉച്ചരിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. സുരക്ഷ പരിശോധനക്കിടെ 'എന്‍റെ ബാഗിലെന്താ ബോംബുണ്ടോ' എന്ന് ചോദിക്കുകയായിരുന്ന യാത്രക്കാരന്‍.

പത്തനംതിട്ട സ്വദേശി അലക്സ് മാത്യു എന്നയാളെയാണ് വിമാനത്തില്‍ കയറ്റാതിരുന്നത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. കൊച്ചിയില്‍ നിന്ന് ഭുവനേശ്വറിലേക്കുള്ള 6E-582 എന്ന വിമാനത്തിലെ യാത്രക്കാരനായിരുന്നു അലക്സ്. സിഐഎസ്എഫ് പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷം യാത്രക്കാരുടെ ഹാന്‍ഡ് ബാഗുകള്‍ അടക്കം അവസാനമായി പരിശോധിക്കുന്ന സെക്കന്‍ഡറി ലാഡര്‍ പോയിന്‍റ് സെക്യൂരിറ്റി (എസ്എല്‍പിസി) എന്ന പരിശോധന നടക്കുകയായിരുന്നു.

വിമാനത്തില്‍ കയറുന്നത് മുമ്പ് ബോര്‍ഡിംഗ് പോയിന്‍റിന് സമീപം നടത്തുന്ന പരിശോധനയാണ് എസ്എല്‍പിസി. ഇതിനിടെയാണ് ബോംബ് പരാമര്‍ശത്തോടെ അലക്സ് പ്രതിഷേധിച്ചത്. ഇതോടെ അറിയിപ്പ് ലഭിച്ചതനുസരിച്ച് ബോംബ് സ്ക്വാഡും ക്വിക് റെസ്പോണ്‍സ് ടീമും സ്ഥലത്തെത്തി. അലക്സില്‍ നിന്നും മറ്റ് യാത്രക്കാരിലും പരിശോധന നടത്തിയെങ്കിലും ഇവര്‍ക്ക് ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് നടപടിക്രമങ്ങളുടെ ഭാഗമായി ഇയാളെ പൊലീസിന് കെെമാറുകയായിരുന്നു.