Asianet News MalayalamAsianet News Malayalam

തുടർച്ചയായ ആറാം വട്ടവും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം, മാലിന്യത്തിൽ നിന്ന് ഉണ്ടാക്കുന്നത് കോടികൾ

മാലിന്യം ശേഖരിക്കാൻ 850 വാഹനങ്ങളുണ്ട്. ഈര്‍പ്പമുള്ള മാലിന്യങ്ങളിൽനിന്ന് ഉത്പാദിപ്പിക്കുന്ന ബയോ സിഎൻജി പ്ലാന്റാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

Indore got India's cleanest city award for sixth time
Author
First Published Oct 2, 2022, 3:18 PM IST

ഇൻഡോര്‍ : ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം ഒരു വര്‍ഷം മാലിന്യത്തിൽ നിന്ന് ഉണ്ടാക്കുന്നത് കോടികളാണ്. തുടര്‍ച്ചയായ ആറാം തവണയും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം ഇൻഡോര്‍ തന്നെ. വൃത്തിക്കൊപ്പം പണവുമുണ്ടാക്കാമെന്നും കൂടി കാണിച്ച് തരുന്നതാണ് ഈ ഇൻഡോര്‍ മാതൃക. 1900 ടൺ നഗര മാലിന്യങ്ങളിൽ നിന്ന് ദിനം പ്രതി കോടികളാണ് ഉണ്ടാക്കുന്നത്. നഗരത്തിൽ ഓടുന്ന ബസ്സുകളിൽ ഉപയോഗിക്കാനുള്ള ഇന്ധനവും ഇങ്ങനെ ഉത്പാദിപ്പിക്കിന്നു. കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷിക ശുചിത്വ സര്‍വ്വെയിലാണ് ഇൻഡോറിനെ മികച്ച ശുചിത്വ നഗരമായി തെരഞ്ഞെടുത്തത്. ഗുജറാത്തിലെ സൂറത്തും മഹാരാഷ്ട്രയിലെ നവി മുംബൈയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉണ്ട്. 

ഇര്‍പ്പമുളളതും ഇല്ലാത്തതുമായ മാലിന്യങ്ങൾ വേര്‍തിരിച്ചാണ് സംസ്കരണം. ഇതിനായി മാലിന്യം ശേഖരിക്കുന്നിടത്തുതന്നെ ആറ് രീതിയിൽ ഇത് വേര്‍തിരിക്കപ്പെടുന്നു. മധ്യപ്രദേശിലെ ഏറ്റവും വലിയ നഗരമാണ് ഇൻഡോര്‍. 35 ലക്ഷമാണ് ജനസംഖ്യ. സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനവും ഇതുതന്നെയാണ്.  ദിനംപ്രതി 1200 ടൺ ഈര്‍പ്പരഹിത മാലിന്യവും 700 ടൺ ഈര്‍പ്പമുള്ള മാലിന്യവും ഉത്പാദിപ്പിക്കപ്പെടുന്ന നാഗരം എന്നാൽ ചവറുകൂനകൾ ഇല്ലാത്ത നഗരമാണ്. 

മാലിന്യം ശേഖരിക്കാൻ 850 വാഹനങ്ങളുണ്ട്. ഈര്‍പ്പമുള്ള മാലിന്യങ്ങളിൽനിന്ന് ഉത്പാദിപ്പിക്കുന്ന ബയോ സിഎൻജി പ്ലാന്റാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സംരംഭമാണ് ഇതെന്ന് അധികൃതര്‍ പറയുന്നു. ഇതിൽ നിന്ന് 17000 മുതൽ 18000 കിലോഗ്രാം വരെ ബയോ സിഎൻജിയും 10 ടൺ  ജൈവ വളവും ഉത്പാദിപ്പിക്കുന്നു. ബയോ സിഎൻജി ഉപയോഗിച്ച് ഓടുന്നത് 150ഓളം ബസ്സുകളാണ്. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 14.45 കോടി രൂപയാണ് മാലിന്യ സംസ്കരണത്തിലൂടെ ഇൻഡോര്‍ മുൻസിപ്പാലിറ്റി സ്വന്തമാക്കിയത്. ഈ വര്‍ഷം ഇത് 20 കോടി രൂപയായി ഉയരുമെന്നാണ് കരുതുന്നതെന്ന് മുൻസിപ്പാലിറ്റി പറയുന്നു. മാത്രമല്ല, 8500 ശുചീകരണ തൊഴിലാളികളാണ് ഇൻഡോറിനെ സുന്ദരമാക്കി സൂക്ഷിക്കാൻ ജോലി ചെയ്യുന്നത്. 

Follow Us:
Download App:
  • android
  • ios