Asianet News MalayalamAsianet News Malayalam

ഇന്ദ്രാണി മുഖര്‍ജി മാപ്പുസാക്ഷിയായി; അഴിമതിക്കേസില്‍ ചിദംബരം കുടുങ്ങുമോ?

മുന്‍ ധനമന്ത്രി പി ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരവും ഈ അഴിമതിക്കേസില്‍ പ്രതികളാണ്.ഇന്ദ്രാണി മാപ്പുസാക്ഷിയായതോടെ ചിദംബരവും മകനും കുടുങ്ങിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്. 

indrani mukerjea turned approver in inx media corruption case
Author
Delhi, First Published Jul 4, 2019, 1:53 PM IST

ദില്ലി: ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ ഇന്ദ്രാണി മുഖര്‍ജി മാപ്പുസാക്ഷിയായി. തന്നെ മാപ്പുസാക്ഷിയാക്കണമെന്നാവശ്യപ്പെട്ടുള്ള  ഇന്ദ്രാണിയുടെ ഹര്‍ജി ദില്ലിയിലെ കോടതി അംഗീകരിക്കുകയായിരുന്നു. മുന്‍ ധനമന്ത്രി പി ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരവും ഈ അഴിമതിക്കേസില്‍ പ്രതികളാണ്. 

അഴിമതിയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കുചേര്‍ന്നിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ഇന്ദ്രാണി സമ്മതിച്ചതായും മാപ്പുസാക്ഷിയാകാന്‍ തയ്യാറാണെന്ന് അറിയിച്ചതായും സിബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. കേസില്‍ ഈ മാസം 11ന് കോടതി വീണ്ടും വാദം കേള്‍ക്കും. 

2007ല്‍ പി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത്  ഐഎന്‍എക്സ് മീഡിയ വേണ്ടി ചട്ടങ്ങള്‍ മറികടന്ന് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ചതാണ് കേസിന് ആധാരമായ സംഭവം. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്‍റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അര്‍ഹതയുള്ളൂ. ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും ആയിരുന്നു ഐഎന്‍എക്സ് മീഡിയയുടെ ഉടമകള്‍. ആദായനികുതി വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചപ്പോഴാണ് ഇന്ദ്രാണിയും പീറ്ററും നോര്‍ത്ത് ബ്ലോക്കിലെ ചിദംബരത്തിന്‍റെ ഓഫീസിലെത്തി സഹായം തേടിയത്. മകൻ കാർത്തിയുടെ ബിസിനസ്സിനെ സഹായിച്ചാല്‍ പിന്തുണയ്ക്കാമെന്നായിരുന്നു ചിദംബരത്തിന്‍റെ മറുപടിയെന്നാണ് സിബിഐ ആരോപിക്കുന്നത്.

ചിദംബരത്തിന്‍റെ ആവശ്യപ്രകാരം വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന് ഐഎന്‍എക്സ് മീഡിയ, പുതിയ അപേക്ഷ നല്‍കി. ധനകാര്യമന്ത്രാലയം ഇതിന് അംഗീകാരം നല്കുകയും ചെയ്തു. ദില്ലിയിലെ ഹോട്ടല്‍ ഹയാത്തില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിഫലമായി കാര്‍ത്തി ഒരു കോടി ഡോളര്‍ ആവശ്യപ്പെട്ടെന്നും സിബിഐ പറയുന്നു.കാര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള അഡ്വാന്‍റേജ് സ്ട്രാറ്റജിക് കൺസൾട്ടിംഗ് കമ്പനിക്ക് ഐഎന്‍എക്സ് മീഡിയ ആദ്യം പത്ത് ലക്ഷം രൂപ നല്‍കി. പിന്നീട് കാര്‍ത്തിയുടെ വിവിധ കമ്പനികൾ വഴി ഏഴ് ലക്ഷം ഡോളര്‍ വീതമുള്ള നാല് ഇന്‍വോയ്സുകളും നല്‍കി. ഇതെല്ലാം കാര്‍ത്തിയുടെ വീട്ടിലും ഓഫീസുകളിലും നടത്തിയ റെയ്ഡുകളില്‍ സിബിഐ പിടിച്ചെടുത്തിരുന്നു. 

മകള്‍ ഷീന ബോറയുടെ കൊലപാതകത്തില്‍ പ്രതിയായ ഇന്ദ്രാണി മുഖര്‍ജി ഇപ്പോള്‍ വിചാരണ കാത്ത് മുംബൈയിലെ ജയിലിലാണുള്ളത്.

Follow Us:
Download App:
  • android
  • ios