Asianet News MalayalamAsianet News Malayalam

കേന്ദ്ര സഹമന്ത്രി അശ്വിനി ചൗബിക്കെതിരെ മഷിയേറ്

കേന്ദ്ര ആരോഗ്യ വകുപ്പ് സഹമന്ത്രിയായ ഇദ്ദേഹം മഴക്കെടുതിക്ക് ശേഷം ബിഹാറിൽ പകർച്ചവ്യാധികൾ പടർന്നുപിടിച്ചത് വിലയിരുത്താനെത്തിയതായിരുന്നു

മന്ത്രിക്ക് നേരെ മഷിയെറിഞ്ഞ രണ്ട് യുവാക്കളെ പൊലീസ് പിടികൂടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല

Ink attack on Union Minister Ashwini Choubey outside Patna hospital
Author
Patna Medical College, First Published Oct 15, 2019, 3:12 PM IST

പാറ്റ്ന: ബിഹാറിൽ ഡങ്കിപ്പനി പടർന്നുപിടിക്കുന്ന സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രമന്ത്രി അശ്വിനി ചൗബിക്കെതിരെ മഷിയാക്രമണം. ജൻ അധികാർ പാർട്ടി നേതാവ് പപ്പു യാദവിന്റെ അനുയായികളിലൊരാളാണ് കേന്ദ്രമന്ത്രിയെ ആക്രമിച്ചതെന്നാണ് വിവരം.

പാറ്റ്ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡങ്കിപ്പനി ബാധിതരെ സംരക്ഷിച്ച്, ഇവരോട് സംസാരിച്ച ശേഷം തിരികെ കാറിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. കേന്ദ്ര ആരോഗ്യ വകുപ്പ് സഹമന്ത്രിയായ ഇദ്ദേഹം മഴക്കെടുതിക്ക് ശേഷം ബിഹാറിൽ പകർച്ചവ്യാധികൾ പടർന്നുപിടിച്ചത് വിലയിരുത്താനെത്തിയതായിരുന്നു.

അടപ്പ് തുറന്ന മഷിക്കുപ്പി മന്ത്രിയുടെ നേരെ വലിച്ചെറിയുകയായിരുന്നുവെന്നാണ് വിവരം. കുപ്പി കാറിൽ തട്ടി താഴെ വീണ് പൊട്ടി. മന്ത്രിയുടെ വസ്ത്രങ്ങളിലും കാറിലും മഷി പടർന്നു. രാഷ്ട്രീയത്തിലെത്തുന്നതിന് മുൻപേ ക്രിമിനലുകളായവരുടെ കരകൗശലമാണിതെന്നാണ് മന്ത്രി പ്രതികരിച്ചത്.

പകർച്ച വ്യാധികൾ പടർന്നുപിടിക്കുന്നതിനെതിരെ പപ്പു യാദവും പാർട്ടിയും അനുഭാവികളും വലിയ പ്രക്ഷോഭമാണ് സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്നത്. ഇതിനോടകം നൂറ് കണക്കിന് പേർക്കാണ് സംസ്ഥാനത്ത് ഡങ്കിപ്പനി ബാധിച്ചിട്ടുള്ളത്.

മന്ത്രിക്ക് നേരെ മഷിയെറിഞ്ഞ രണ്ട് യുവാക്കളെ പൊലീസ് പിടികൂടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവരിലൊരാൾ പ്രാദേശിക ചാനലിന്റെ ഓഫീസിലെത്തി താൻ തന്നെയാണ് മന്ത്രിക്ക് നേരെ ആക്രമണം നടത്തിയതെന്നും സംസ്ഥാനത്ത് പകർച്ച വ്യാധികൾ പടർന്നുപിടിക്കുന്നതിലെ പ്രതിഷേധം രേഖപ്പെടുത്തിയതാണെന്നും പറഞ്ഞു. ഇദ്ദേഹം ജൻ അധികാർ പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗത്തിന്റെ നേതാവാണെന്നാണ് വിവരം.

Follow Us:
Download App:
  • android
  • ios