സംസ്ഥാനാധ്യക്ഷൻ വിജയേന്ദ്ര ഡി കെ ശിവകുമാറുമായി അഡ്ജസ്റ്റ്‍മെന്‍റ് രാഷ്ട്രീയം കളിക്കുന്നു,തെളിവുകളും രേഖകളും തന്‍റെ പക്കലുണ്ടെന്ന് ബിജാപൂർ എംഎൽഎ ബസനഗൗഡ പാട്ടീൽ യത്‍നാൽ

ബംഗളൂരു: കർണാടക ബിജെപിയിൽ കടുത്ത ഭിന്നത. ഉപതെരഞ്ഞെടുപ്പുകളിലെ തോൽവിയിൽ സംസ്ഥാനാധ്യക്ഷൻ വിജയേന്ദ്രയ്ക്കെതിരെ കടുത്ത വിമർശനം ഉയരുന്നു. കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറുമായി അഡ്ജസ്റ്റ്‍മെന്‍റ് രാഷ്ട്രീയം കളിക്കുകയാണ് യെദിയൂരപ്പയും വിജയേന്ദ്രയുമെന്ന് തുറന്നടിച്ച് ബിജാപൂർ എംഎൽഎ രംഗത്തെത്തി. ഇതിനുള്ള തെളിവുകളും രേഖകളും തന്‍റെ പക്കലുണ്ടെന്നും ബിജാപൂർ എംഎൽഎ ബസനഗൗഡ പാട്ടീൽ യത്‍നാൽ പറഞ്ഞു

 എന്നാൽ ആരോപണം നിഷേധിച്ച വിജയേന്ദ്ര, ഡി കെ ശിവകുമാറുമായി അഡ്‍ജസ്റ്റ്‍മെന്‍റ് രാഷ്ട്രീയം നടത്തുന്നുവെന്നതിൽ തെളിവുണ്ടോ എന്ന് യത്‍നാലിനോട് ചോദിച്ചു. തെളിവുകളുണ്ടെങ്കിൽ അത് ഉടനടി പുറത്ത് വിടണം. യത്നാലിനെതിരെ കേന്ദ്രനേതൃത്വത്തിന് വിജയേന്ദ്ര ഇതിനകം പരാതി നല്‍കിയിട്ടുണ്ട്. പാർട്ടിയെ ഭിന്നിപ്പിക്കുന്ന പ്രസ്താവന നടത്തുന്ന യത്‍നാലിനെ പുറത്താക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. യെദിയൂരപ്പയെ പിന്തുണയ്ക്കുന്ന 30 എംഎൽഎമാരാണ് കേന്ദ്രനേതൃത്വത്തിനുള്ള കത്ത് നൽകിയത്. യെദിയൂരപ്പ വിരുദ്ധ-അനുകൂല പക്ഷങ്ങൾ തമ്മിൽ പാർട്ടിയിൽ ഭിന്നത രൂക്ഷമാവുകയാണ്.