ടോള്‍ പ്ലാസയ്ക്ക് മുന്നില്‍ കാത്തു നില്‍ക്കുകയായിരുന്ന മറ്റ് നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചാണ് ഇന്നോവ മുന്നോട്ട് നീങ്ങിയത്. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് അപകടത്തില്‍ മരണപ്പെട്ടത്.

മുംബൈ: നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരണപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുംബൈ ബാന്ദ്രയിലെ വൊര്‍ലി സീ ലിങ്കിലാണ് വലിയ വാഹനാപകടം ഉണ്ടായത്. വ്യാഴാഴ്ച രാത്രി 10.15ഓടെയായിരുന്നു സംഭവം.

അമിത വേഗത്തിലെത്തിയ ഒരു ടൊയോട്ട ഇന്നോവ കാര്‍ ടോള്‍ പ്ലാസയ്ക്ക് ഏകദേശം 100 മീറ്റര്‍ അകലെ വെച്ച് ഒരു മെര്‍സിഡസ് കാറുമായി കൂട്ടിയിടിച്ചു. എന്നാല്‍ ഈ അപകടത്തിന് ശേഷം ഇന്നോവ കാറിലുണ്ടായിരുന്നവര്‍ സ്ഥലത്തു നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. ടോള്‍ പ്ലാസയ്ക്ക് മുന്നില്‍ കാത്തു നില്‍ക്കുകയായിരുന്ന മറ്റ് നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചാണ് ഇന്നോവ മുന്നോട്ട് നീങ്ങിയത്. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് അപകടത്തില്‍ മരണപ്പെട്ടത്.

Read also: ഇന്ധനം ചോർന്ന് കുടിവെള്ളം മലിനമാക്കുന്നുവെന്ന് ആരോപണം, ഉപരോധം, കുഴൽ കിണർ സ്ഥാപിക്കാമെന്ന് പമ്പ് അധികൃതർ

ആദ്യത്തെ അപകടത്തിന് ശേഷം ടോള്‍ പ്ലാസയ്ക്ക് മുന്നിലെ ക്യൂവില്‍ ഉണ്ടായിരുന്ന മറ്റ് മൂന്ന് വാഹനങ്ങളെയെങ്കിലും ഇന്നോവ കാര്‍ ഇടിച്ചതായി സ്ഥലത്തുണ്ടായിരുന്നവരും പൊലീസും പറയുന്നു. ആകെ ആറ് വാഹനങ്ങള്‍ അപകടത്തില്‍ തകര്‍ന്നു. നിരവധിപ്പേര്‍ക്ക് പരിക്കുണ്ട്. ഇവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കൃഷ്ണകാന്ത് ഉപാധ്യായ് പറഞ്ഞു. ഇന്നോവ കാര്‍ ഓടിച്ചിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്കും നിസാര പരിക്കുകളുണ്ട്. അപകടത്തിന് കാരണമായ ഇന്നോവ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും.

വെസ്റ്റ് മുംബൈയിലെ ബാന്ദ്രയെയും ദക്ഷിണ മുംബൈയിലെ വൊര്‍ളിയെയും ബന്ധിപ്പിക്കുന്നതാണ് 5.6 കിലോമീറ്റര്‍ നീളത്തിലുള്ള ബാന്ദ്ര - വൊര്‍ളി സീ ലിങ്ക്. എട്ട് വരികളുടെ ഈ റോഡില്‍ സമീപ കാലത്തായി നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...