ദില്ലി: ബിജെപി നുണകളെ സ്ഥാപനവത്കരിക്കുകയാണെന്ന ആരോപണവുമായി രാഹുൽ​ ​ഗാന്ധി. ട്വീറ്റിലൂടെയാണ് ​രാഹുൽ ​ഗാന്ധിയുടെ ആരോപണം. ഇന്ത്യ ഇതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്ന നിലപാട്, കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ, ചൈനീസ് ആക്രമണം എന്നിവ മുൻനിർത്തിയാണ് രാഹുൽ ​ഗാന്ധിയുടെ ആരോപണം. 

ബിജെപി കള്ളങ്ങെളെ സ്ഥാപനവത്കരിച്ചു. കൊവിഡ് 19 പരിശോധനകൾ വെട്ടിച്ചുരുക്കുകയും മരണങ്ങളെക്കുറിച്ച് തെറ്റായ റിപ്പോർട്ടുകൾ നൽകുകയും ചെയ്തു. പുതിയ കണക്കുകൂട്ടൽ രീതി ഉപയോ​ഗിച്ചുള്ള ജിഡിപി, ‍ചൈനീസ് ആക്രമണങ്ങളെ മാധ്യമങ്ങളാൽ ഭയപ്പെടുത്തി. രാഹുൽ ​ഗാന്ധി ട്വീറ്റിൽ കുറിച്ചു. ഈ മിഥ്യാധാരണ പെട്ടെന്ന് തകരുമെന്നും ഇന്ത്യ വലിയ വില കൊടുക്കേണ്ടി വരുമെന്നും രാഹുൽ ​ഗാന്ധി ട്വീറ്റിൽ കൂട്ടിച്ചേർത്തു. 

രാജ്യത്ത് രോ​ഗബാധിതരുടെ എണ്ണം പത്ത് ലക്ഷത്തിലധികം പിന്നിടുമ്പോൾ മരണസംഖ്യയുടെ കാര്യത്തിൽ വ്യക്തതയില്ലെന്നും ദുരൂഹമായി തുടരുകയാണെന്നും ഉള്ള വാഷിം​ഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടും ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട മാസം മുതൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചു കൊണ്ടുള്ള നിരവധി ട്വീറ്റുകൾ രാഹുൽ​ഗാന്ധി പുറത്തു വിട്ടിരുന്നു.