ദില്ലി: കൊവിഡ് പരിശോധനാ കിറ്റ് വാങ്ങിയതിലെ ക്രമക്കേട് ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. അഴിമതിക്കാരെ ശിക്ഷിക്കാൻ പ്രധാനമന്ത്രി മുൻകൈയെടുക്കണമെന്നും രാഹുൽ ​ഗാന്ധി അഭ്യർത്ഥിച്ചു. 

‘രാജ്യം കൊവിഡിനെതിരെ പോരാടുമ്പോൾ ചിലര്‍ അധാര്‍മികമായി ലാഭം കൊയ്യാന്‍ ശ്രമിക്കുന്നു. ദുഷിച്ച ഈ മാനസികാവസ്ഥ ഭയപ്പെടുത്തുന്നതാണ്. രാജ്യം ഒരിക്കലും അവര്‍ക്ക് മാപ്പ് നല്‍കില്ല. ദശലക്ഷക്കണക്കിന് സഹോദരി സഹോദരന്‍മാര്‍ നിര്‍ണയിക്കാനാകാത്ത കഷ്ടപ്പാടുകള്‍ നേരിടുമ്പോൾ അതില്‍ നിന്ന് ലാഭം കൊയ്യാന്‍ ശ്രമിക്കുന്നത് വിശ്വസിക്കാന്‍ കഴിയാത്തതാണെന്ന് രഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ വ്യക്തമാക്കി.

245 രൂപയുടെ പരിശോധന കിറ്റുകള്‍ 600 രൂപ നിരക്കിലാണ് ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. ഈ കിറ്റുകള്‍ തെറ്റായ ഫലങ്ങളാണ് കാണിക്കുന്നതെന്ന് നിരവധി സംസ്ഥാനങ്ങള്‍ വ്യക്തമാക്കുകയും ഈ പരിശോധന കിറ്റുകള്‍ ഉപയോ​ഗിച്ചുള്ള പരിശോധന അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിൽ ഇതുവരെ 27000 ആളുകളാണ് കൊറോണ ബാധിതരായിട്ടുള്ളത്. 800നടുത്ത് ആളുകൾ മരിക്കുകയും ചെയ്തു.