സത്യത്തിനായി ഭരണകൂടത്തെ മാത്രം ആശ്രയിക്കാന്‍ കഴിയില്ല. ഏകാധിപത്യ ഭരണകൂടങ്ങള്‍ അവരുടെ അധികാരം നിലനിര്‍ത്തുന്നതിനായി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാറുണ്ട്. കൊവിഡ് 19 വിവരങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുന്നത് രാജ്യങ്ങള്‍ക്കിടയില്‍ വര്‍ധിക്കുന്നത് നമ്മള്‍ കണ്ടു-അദ്ദേഹം പറഞ്ഞു. 

ദില്ലി: ഭരണകൂടത്തിന്റെ നുണകള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ രാജ്യത്തെ ബുദ്ധജീവികള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് സുപ്രീം കോടതി ജഡ്ജി ഡിവൈ ചന്ദ്രചൂഡ്. ഒരു ജനാധിപത്യ രാജ്യത്ത് ഭരണകൂടങ്ങളെ നിയന്ത്രിക്കുകയും അസത്യങ്ങള്‍, തെറ്റായ ആഖ്യാനങ്ങള്‍, വ്യാജ വാര്‍ത്തകള്‍ എന്നിവയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ ചീഫ് ജസ്റ്റിസ് എംസി ഛഗ്ലയുടെ ആറാമത് അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആരോഗ്യരംഗത്തുള്‍പ്പെടെ യഥാര്‍ത്ഥ വിവരങ്ങള്‍ക്ക് സര്‍ക്കാറിനെ കൂടുതല്‍ ആശ്രയിക്കുന്നത് ദോഷമാണ്. സത്യത്തിനായി ഭരണകൂടത്തെ മാത്രം ആശ്രയിക്കാന്‍ കഴിയില്ല. ഏകാധിപത്യ ഭരണകൂടങ്ങള്‍ അവരുടെ അധികാരം നിലനിര്‍ത്തുന്നതിനായി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാറുണ്ട്. കൊവിഡ് 19 വിവരങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുന്നത് രാജ്യങ്ങള്‍ക്കിടയില്‍ വര്‍ധിക്കുന്നത് നമ്മള്‍ കണ്ടു-അദ്ദേഹം പറഞ്ഞു. 

വ്യാജവാര്‍ത്തകള്‍ വര്‍ധിക്കുന്ന പ്രതിഭാസം തുടരുകയാണ്. കൊവിഡ് കാലത്ത് ലോകാരോഗ്യ സംഘടന ഇത് തിരിച്ചറിഞ്ഞതാണ്. ഇന്‍ഫോഡെമിക് എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. സെന്‍സേഷണല്‍ വാര്‍ത്തകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് മനുഷ്യന്റെ സഹജ സ്വഭാവമാണെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിയന്ത്രിക്കാന്‍ സോഷ്യല്‍മീഡിയകള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സത്യാനന്തര കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഞങ്ങളുടെ സത്യവും നിങ്ങളുടെ സത്യവും തമ്മിലാണ് മത്സരിക്കുന്നത്. ഒരാളുടെ വീക്ഷണവുമായി യോജിക്കാത്ത സത്യങ്ങളെ അവഗണിക്കുന്ന പ്രവണതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona