Asianet News MalayalamAsianet News Malayalam

കാമുകിയെ വിവാഹം ചെയ്യാന്‍ ഹിന്ദു മതം സ്വീകരിച്ച യുവാവ് വീണ്ടും മുസ്ലിമായി; കേസ് സുപ്രീം കോടതിയില്‍

ഇസ്ലാം മതവിശ്വാസിയായ യുവാവ്  തന്‍റെ മകളെ വിവാഹം ചെയ്യാന്‍ വ്യാജ രേഖകള്‍ ചമച്ച് ഹിന്ദുമതത്തിലേക്ക് മാറിയെന്നും വിവാഹ ശേഷം വീണ്ടും ഇസ്ലാമിലേക്ക് തിരികെ പോയെന്നും മകളെയും മതംമാറ്റാന്‍ ശ്രമിക്കുന്നുവെന്നും ഹര്‍ജിയില്‍ പിതാവ് ആരോപിച്ചു. 

inter religious marriages are good, but protect girl's interest: supreme court
Author
New Delhi, First Published Sep 12, 2019, 11:07 AM IST

ദില്ലി: കാമുകിയെ വിവാഹം കഴിക്കാന്‍ ഹിന്ദുമതം സ്വീകരിച്ച യുവാവ് വിവാഹ ശേഷം വീണ്ടും മുസ്ലിം മതം സ്വീകരിച്ച വിവാദ കേസ് സുപ്രീം കോടതിയില്‍. യുവാവ് പെണ്‍കുട്ടിയെ ഇപ്പോള്‍ ഇസ്ലാം മതത്തിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ സുപ്രീം കോടതിയെ സമീപിച്ചത്. പെണ്‍കുട്ടിയുടെ അച്ഛന്‍റെ ഹര്‍ജിയില്‍ പറയുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ യുവാവിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

മിശ്ര വിവാഹം സമൂഹത്തിന് നല്ലതാണെന്നും പ്രോത്സാഹിപ്പിക്കപ്പെടണമെന്നും അതേസമയം, മിശ്ര വിവാഹിതരാകുന്ന  പെണ്‍കുട്ടികളുടെ ഭാവിയില്‍ ആശങ്കയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇസ്ലാം മതവിശ്വാസിയായ യുവാവ്  തന്‍റെ മകളെ വിവാഹം ചെയ്യാന്‍ വ്യാജ രേഖകള്‍ ചമച്ച് ഹിന്ദുമതത്തിലേക്ക് മാറിയെന്നും വിവാഹ ശേഷം വീണ്ടും ഇസ്ലാമിലേക്ക് തിരികെ പോയെന്നും മകളെയും മതംമാറ്റാന്‍ ശ്രമിക്കുന്നുവെന്നുമാണ് ഹര്‍ജിയില്‍ പിതാവ് ആരോപിക്കുന്നത്. ഛത്തിസ്ഗഢിലാണ് വിവാദ സംഭവമുണ്ടായത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു മുസ്ലിം യുവാവ് ഹിന്ദു യുവതിയെ വിവാഹം കഴിക്കാന്‍ ഹിന്ദുമതം സ്വീകരിച്ചത്. പിന്നീട് ഇയാള്‍ മുസ്ലിം മതത്തിലേക്ക് തിരിച്ചു പോയി. 

പെണ്‍കുട്ടി തങ്ങളോടൊപ്പം ജീവിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെന്ന് കാണിച്ച് പിതാവ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കോടതി മാതാപിതാക്കളോടൊപ്പം വിട്ടു. എന്നാല്‍, യുവാവ് ഭാര്യയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഹൈക്കോടതിയില്‍വച്ച് ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതനുസരിച്ച് യുവാവിനൊപ്പം വിട്ടു.

കീഴ്ക്കോടതിയുടെ നടപടി ചോദ്യം ചെയ്താണ് പിതാവ് സുപ്രീം കോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയാണ് പിതാവിന് വേണ്ടി ഹാജരായത്. ചിലര്‍ മിശ്രവിവാഹത്തെ ദുരുപയോഗം ചെയ്യുന്നതായും അത്തരം വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും റോഹ്തഗി കോടതിയില്‍ വാദിച്ചു. എന്നാല്‍, മതപരമായും ജാതിപരമായുമുള്ള മിശ്രവിവാഹങ്ങള്‍ സമൂഹത്തിന് ഗുണകരമാണെന്നും മിശ്ര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര, എംആര്‍ ഷാ എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു. പറഞ്ഞു.

അതേസമയം, മിശ്രവിവാഹിതരാകുന്ന പെണ്‍കുട്ടികളുടെ ഭാവിയില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു. പെണ്‍കുട്ടിയുടെ താല്‍പര്യം സംരക്ഷിക്കപ്പെടണമെന്നും മിശ്ര വിവാഹത്തില്‍ തെറ്റ് കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി. പെണ്‍കുട്ടിക്ക് അവളുടെ ഭര്‍ത്താവിന്‍റെ കൂടെ ജീവിക്കാന്‍ അവകാശമുണ്ടെന്നും സുരക്ഷയുടെ ആവശ്യമില്ലെന്നും പെൺകുട്ടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വിഷാദ രോഗത്തിനും ആത്മഹത്യ പ്രവണതക്കും പെണ്‍കുട്ടി ഏറെക്കാലമായി ചികിത്സയിലാണെന്നും പിതാവ് പരാതിയില്‍ പറയുന്നു. 

Follow Us:
Download App:
  • android
  • ios