ദില്ലി: സാർവ്വദേശീയ തൊഴിലാളി ദിനത്തില്‍ ആശങ്കയായി രാജ്യത്ത് തൊഴില്‍ നഷ്ടമായവരുടെ കണക്കുകള്‍. കൊവിഡ് 19 വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ രാജ്യത്ത് 7.2 കോടി ജനങ്ങൾക്ക് തൊഴിൽ നഷ്ടമായെന്ന് പഠന റിപ്പോർട്ട് പറയുന്നു. മെയ് മൂന്നിന് ശേഷവും നിയന്ത്രണങ്ങളിൽ കാര്യമായ ഇളവ് പ്രതീക്ഷിക്കാത്ത സാഹചര്യത്തിൽ തൊഴിൽ മേഖല പൂർവ്വ സ്ഥിതിയിലെത്താൻ ഏറെ കാത്തിരിക്കേണ്ടി വരുമെന്നാണ് സെന്റർ ഫോർ മോനിട്ടറിംഗ് ഇന്ത്യൻ ഇക്കോണമിയുടെ റിപ്പോർട്ട്.

മാർച്ച് 22 ന് അവസാനിച്ച ആഴ്ചയിൽ 42.6 ശതമാനമായിരുന്നു രാജ്യത്തെ തൊഴിൽ പങ്കാളിത്തം. ഇപ്പോളത് 35.4 ശതമാനമായിരിക്കുന്നുവെന്നാണ് തൊഴിൽ ലഭ്യതയെ കുറിച്ച് പഠിക്കുന്ന സെൻറർ ഫോർ മോണിറ്റി ഗ് ഇന്ത്യൻ ഇക്കോണമിയുടെ വിലയിരുത്തൽ. 720 ലക്ഷം ആളുകൾക്ക് ഇതിനോടകം തൊഴിൽ നഷ്ടമായിക്കഴിഞ്ഞു. ലോക്ക് ഡൗണ്‍ കാലയളവിൽ തൊഴിലില്ലായ്മ 21നും 26 ശതമാനത്തിലും ഇടയിലായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏപ്രിൽ 26ന് അവസാനിച്ച ആഴ്ചയിൽ തൊഴിലില്ലായ്മ നിരക്ക് 21.6 ശതമാനമാണ്. തൊഴിൽ മേഖലയുടെ പുനരുജ്ജീവനത്തിൽ റിസർവ്വ് ബാങ്ക് മുൻ ഗവർണ്ണർ രഘുറാം രാമൻ കഴിഞ്ഞ ദിവസം വലിയ ആശങ്കയാണ് പ്രകടിപ്പിച്ചത്.

എട്ടര കോടി ആളുകൾ തൊഴിൽ കിട്ടാനായി അലയുന്നുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം കഴിഞ്ഞ 20ന് ശേഷം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത ഇടങ്ങളിൽ ഇളവുകൾ അനുവദിച്ചത് തൊഴിൽ ലഭ്യതയിൽ നേരിയ മാറ്റമുണ്ടാക്കിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.