എയർമാർഷൽ മാനവേന്ദ്ര സിംഗിൻറെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഫ്ളൈറ്റ് ഡേറ്റ റെക്കോർഡറിൽ നിന്ന് വിവരങ്ങൾ കിട്ടാനുള്ള നടപടി തുടങ്ങി

ദില്ലി: കുനൂർ (Coonoor) ഹെലികോപ്റ്റർ അപകടത്തെക്കുറിച്ചുള്ള (Army Helicopter Crash) അന്വേഷണം രണ്ടാഴ്ചയിൽ പൂർത്തിയാകും. എയർമാർഷൽ മാനവേന്ദ്ര സിംഗിൻറെ (Mnavendra Singh) നേതൃത്വത്തിലുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഫ്ളൈറ്റ് ഡേറ്റ റെക്കോർഡറിൽ നിന്ന് വിവരങ്ങൾ കിട്ടാനുള്ള നടപടി തുടങ്ങി. ദൃക്സാക്ഷികളുടെയും രക്ഷാപ്രവർത്തകരുടെയും മൊഴി രേഖപ്പെടുത്തിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. 

വരുൺ സിങ്ങിന്റെ സംസ്കാരം നാളെ 

കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കേ മരിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ (Varun Singh) സംസ്കാരം നാളെ നടക്കും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഉള്ള ഭോപ്പാലിലാണ് സംസ്കാരം. ബംഗ്ലൂരുവിൽ നിന്ന് പ്രത്യേക വ്യോമസേന വിമാനത്തിൽ മൃതദേഹം ഭോപ്പാലിൽ എത്തിച്ചു. ബംഗ്ലൂരു യെലഹങ്ക എയർബേസിൽ സേനാംഗങ്ങൾ അന്ത്യാഞ്ജലി നൽകി. സുളൂരിലെ വ്യോമസേനാംഗങ്ങളും ബംഗ്ലൂരുവിലെത്തി ആദരാഞ്ജലി അർപ്പിച്ചു. കർണാടക ഗവർണറും മുഖ്യമന്ത്രിയും അന്ത്യാഞ്ജലി നൽകാൻ എത്തിയിരുന്നു. 

80 ശതമാനത്തോളം പൊള്ളലേറ്റ അദേഹത്തിൻറെ വിയോഗം ബുധനാഴ്ച രാവിലെയാണ് സംഭവിച്ചത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് നാളെ സംസ്കാരചടങ്ങുകൾ നടക്കുക. ഉത്തർപ്രദേശിലെ ഗാസിപൂർ സ്വദേശിയായ ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ കുടുംബം ഏറെക്കാലമായി ഭോപ്പാലിലാണ് താമസം. അദേഹത്തിൻറെ പിതാവ് മുൻ കരസേന ഉദ്യോഗസ്ഥനും സഹോദരൻ നാവികസേനയിൽ ലഫ്റ്റനൻറ് കമാൻഡറുമാണ്.