ദില്ലി: ഐഎൻഎക്സ് മീഡിയ കേസിൽ പി ചിദംബരത്തിന്‍റെ ജുഡിഷ്യൽ കസ്റ്റഡി ഒക്ടോബർ മൂന്ന് വരെ നീട്ടി. ദില്ലി സിബിഐ കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ഇതോടെ, 14 ദിവസത്തേക്ക് കൂടി ചിദംബരം തിഹാർ ജയിലിൽ തുടരേണ്ടിവരും.

ചിദംബരത്തിന് ജാമ്യം അനുവദിക്കരുതെന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ വിടണമെന്നും ഉള്ള സിബിഐ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചിനാണ് ചിദംബരത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ചിദംബരത്തിന്‍റെ ജാമ്യ ഹര്‍ജി ഈ മാസം 23ന് പരിഗണിക്കാൻ ദില്ലി ഹൈക്കോടതി മാറ്റിവെച്ചിരിക്കുകയാണ്.

ഐഎൻഎക്സ് മീഡിയ എൻഫോഴ്സ്മെന്‍റ് കേസിൽ ചിദംബരത്തിന്‍റെ മുൻകൂര്‍ ജാമ്യം സുപ്രീംകോടതി തള്ളിയിരുന്നു. എന്നാൽ ഇതുവരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറ്റ് ചിദംബരത്തെ കസ്റ്റഡിയിൽ എടുക്കാൻ തയ്യാറായിട്ടില്ല. തിഹാര്‍ ജയിലിലേക്ക് അയക്കാതെ എൻഫോഴ്സ്മെന്‍റ് കസ്റ്റഡിയിൽ വിടണമെന്ന ചിദംബരത്തിന്‍റെ ആവശ്യവും സിബിഐ കോടതി തള്ളിയിരുന്നു. ചിദംബരത്തിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്.