താൻ എത്തുന്നതിന് തൊട്ടുമുൻപ് ഓഫീസിൽ  സംശയകരമായ രീതിയിൽ അഗ്നിബാധ ഉണ്ടായെന്നും സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും കല്പന ആവശ്യപ്പെട്ടു.

ചെന്നൈ: അതീവ ഗുരുതര ആരോപണവുമായി തമിഴ്നാട്ടിലെ മുതിർന്ന ഐപിഎസ് ഓഫീസർ കല്പന നായക്. പൊലീസ് റിക്രൂട്ട്മെന്‍റ് പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ചതിന് പിന്നാലെ തന്നെ കൊല്ലാൻ ശ്രമം നടന്നു എന്നാണ് എഡിജിപിയുടെ ആരോപണം. കഴിഞ്ഞ ജൂലൈയിൽ താൻ എത്തുന്നതിന് തൊട്ടുമുൻപ് ചേംബറിൽ സംശയകരമായ രീതിയിൽ അഗ്നിബാധ ഉണ്ടായെന്നും സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും കല്പന ആവശ്യപ്പെട്ടു. പൊലീസ് മേധാവിയുമായ ശങ്കർ ജിവാളിനാണ് എഡിജിപി പരാതി നൽകിയത്. 

തമിഴ്‌നാട് യൂണിഫോംഡ് സർവീസസ് റിക്രൂട്ട്‌മെന്‍റ് ബോർഡ് നിയമനത്തിലെ (ടിഎൻയുഎസ്ആർബി) സംവരണത്തിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് അപായപ്പെടുത്താൻ നീക്കം നടന്നതെന്ന് കൽപന നായിക് പരാതിയിൽ പറയുന്നു. സബ് ഇൻസ്പെക്ടർമാർ, കോൺസ്റ്റബിൾമാർ, ജയിൽ വാർഡന്മാർ, ഫയർമാൻമാർ എന്നീ വിഭാഗങ്ങളിലായിരുന്നു നിയമനം.

കഴിഞ്ഞ വർഷം മാർച്ചിലാണ് സബ് ഇൻസ്‌പെക്ടർ തസ്തികയിലേക്കും മറ്റ് വിഭാഗങ്ങളിലേക്കുമുള്ള നിയമനത്തിലെ വീഴ്ചയെ കുറിച്ച് താൻ വിശദമായ റിപ്പോർട്ട് നൽകിയതെന്ന് എഡിജിപി വ്യക്തമാക്കി. പിന്നീട് റിക്രൂട്ട്‌മെന്‍റിലെ അപാകതകൾ ഉന്നയിച്ചുള്ള റിട്ട് ഹർജി തീർപ്പാക്കുന്നതിനിടെ, റാങ്ക് ലിസ്റ്റ് തിരുത്താൻ മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരുന്നു.

ജൂലൈ 29ന്, ചെന്നൈയിലെ എഗ്‌മോറിലെ ടിഎൻയുഎസ്ആർബി ആസ്ഥാനത്തെ ചേംബറിൽ തീപിടിത്തമുണ്ടായെന്നും ഓഫീസിലേക്ക് വരരുതെന്നും ഒരു ഉദ്യോഗസ്ഥൻ വിളിച്ചു പറഞ്ഞതായി കൽപന നായിക് വ്യക്തമാക്കി. അപ്പോഴേക്കും താൻ പരിസരത്ത് എത്തിയിരുന്നു. കത്തിക്കരിഞ്ഞ ഇരിപ്പിടം അങ്ങേയറ്റം ഞെട്ടലോടെയും നിരാശയോടെയുമാണ് കണ്ടത്. അൽപ്പം നേരത്തെ താൻ ഓഫീസിൽ എത്തിയിരുന്നെങ്കിൽ ജീവൻ നഷ്ടപ്പെടുമായിരുന്നു. റാങ്ക് പട്ടികയിലെ ക്രമക്കേടുകൾ പരിശോധിച്ച് തിരുത്താനിരുന്ന ദിവസമാണ് തീപിടിത്തമുണ്ടായതെന്നും എഡിജിപി നൽകിയ പരാതിയിൽ പറയുന്നു. 

എയർ കണ്ടീഷനിംഗ് സിസ്റ്റത്തിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് കണ്ടെത്തൽ. സംഭവം നടന്ന് 15 ദിവസം കഴിഞ്ഞിട്ടും ആർക്കെതിരെയും നടപടിയെടുക്കാത്തതിനാൽ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പൊലീസ് കമ്മീഷണർ എന്നിവർക്ക് കൽപന നായക് പരാതി നൽകിയിരുന്നു. തീപിടിത്തം നടന്ന് ഒരു ദിവസത്തിന് ശേഷം പുതുക്കിയ റാങ്ക് ലിസ്റ്റ് തന്‍റെ സൂക്ഷ്മപരിശോധനയും അംഗീകാരവും കൂടാതെ ടിഎൻയുഎസ്ആർബി വെബ്‌സൈറ്റിൽ പുറത്തിറക്കിയതായും എഡിജിപി ആരോപിച്ചു. 

ആറു മാസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ ഒരു പുരോഗതിയുമില്ലെന്നും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുമെന്നും ആവശ്യപ്പെട്ടാണ് കൽപന നായിക് ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. അതേസമയം തീപിടിത്തം അട്ടിമറിയാണെന്ന ആരോപണം സാധൂകരിക്കുന്ന ഒരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.

എംഎൽഎയുടെ കിടപ്പുമുറിയിൽ സർവം വെള്ളിമയം, കൊട്ടാര സദൃശമായ വീടിന്‍റെ ഹോം ടൂർ; വീഡിയോ പുറത്തുവന്നതോടെ വിവാദം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം