ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്നുള്ള ക്രൂഡ് ഓയിലുമായി ഒരു കപ്പൽ ഇന്ത്യയിലേക്ക് എത്തുന്നു. 600,000 ബാരൽ ക്രൂഡ് ഓയിലുമായി പിംഗ് ഷുൻ എന്ന കപ്പൽ ഏപ്രിൽ 4ന് ഗുജറാത്ത് തീരത്ത് നങ്കൂരമിടുമെന്നാണ് റിപ്പോർട്ട്. യുഎസ് ഉപരോധത്തിൽ ഇളവ് നൽകിയതിനെ തുടർന്നാണ് ഇന്ത്യയുടെ ഈ നിർണായക നീക്കം.

ദില്ലി: വർഷങ്ങൾക്ക് ശേഷം ഇറാനുമായി എണ്ണ ഇറക്കുമതി ബന്ധം ആരംഭിച്ച് ഇന്ത്യ. ഏപ്രിൽ 4 ന് ഗുജറാത്ത് തുറമുഖത്ത് 600,000 ബാരൽ ഇറാനിയൻ ക്രൂഡ് ഓയിൽ കയറ്റിയ ടാങ്കർ നങ്കൂരമിടും. യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലലിടുക്ക് ഇറാൻ അടച്ചതിന് പിന്നാലെ രൂപപ്പെട്ട ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ ഇറാൻ എണ്ണ വാങ്ങാമെന്ന് യുഎസ് അനുമതി നൽകിയിരുന്നു. പിന്നാലെയാണ് ഇറാൻ എണ്ണ ഇന്ത്യയിലേക്ക് എത്തുന്നത്. റാന്റെ ഖാർഗ് ദ്വീപിലെ എണ്ണ സംഭരണികളിൽ നിന്ന് വാഡിനാറിലേക്കാണ് പിംഗ് ഷുൻ എന്ന കപ്പൽ എത്തുന്നത്. നയാര എനർജി നടത്തുന്ന വലിയ ശുദ്ധീകരണശാലയാണ് വാഡിനാറിൽ സ്ഥിതി ചെയ്യുന്നത്. ആരാണ് എണ്ണ വാങ്ങുന്നതെന്ന് അറിവായിട്ടില്ല. സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് നടത്തുന്ന മധ്യപ്രദേശിലെ ബിനയിലെ പോലെ ഉൾനാടൻ ശുദ്ധീകരണശാലകളിലേക്ക് ക്രൂഡ് എത്തുന്നതും ഈ തുറമുഖത്തേക്കാണ്. കെപ്ലറിൽ നിന്നുള്ള വെസ്സൽ ട്രാക്കിംഗ് ഡാറ്റ പ്രകാരം ഗുജറാത്തിലേക്കാണ് കപ്പൽ എത്തുന്നത്. എന്നാൽ, ദിശ മാറുമോ എന്നത് വ്യക്തമല്ല.

Add Asianetnews as a Preferred SourcegooglePreferred

വാദിനാറിൽ കപ്പൽ നങ്കൂരമിടുകയാണെങ്കിൽ, 2019 മെയ് മാസത്തിൽ അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഉപരോധം ഏർപ്പെടുത്തിയതിനുശേഷം ഇറാനിൽ നിന്ന് ഇന്ത്യ അസംസ്കൃത എണ്ണ വാങ്ങുന്നത് ഇതാദ്യമായിരിക്കും. ഇറാനെതിരായ യുദ്ധം മൂലമുണ്ടായ ആഗോള ഊർജ്ജ തടസ്സങ്ങളുടെ പശ്ചാത്തലത്തിൽ, അമേരിക്ക അനുവദിച്ച 30 ദിവസത്തെ ഇളവ് ഏപ്രിൽ 19 ന് അവസാനിക്കും. മുൻകൂട്ടി ലോഡ് ചെയ്ത ചരക്ക് മാത്രമേ ഇതിൽ ഉൾപ്പെടൂ. ഉപരോധങ്ങൾക്ക് മുമ്പ്, 2000-2010 കാലഘട്ടത്തിൽ ഇറാൻ ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരായിരുന്നു. 2008-ൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഇറാന്റെ പങ്ക് 16 ശതമാനമായിരുന്നു. ഇറാനിയൻ ക്രൂഡ് ഓയിൽ സാധാരണയായി ആഗോള ബെഞ്ച്മാർക്കായ ബ്രെന്റിനേക്കാളും ബാരലിന് 3 മുതൽ 9 ഡോളർ വരെ വിലക്കുറവിലാണ് വ്യാപാരം നടത്തുന്നത്.