ദില്ലി: ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് മൂന്നു ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി ഇന്ന് ദില്ലിയിലെത്തും. ദില്ലിയിൽ വിദേശകാര്യ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന റായ് സിന ഡയലോഗിൽ ജവാദ് സരീഫ് നാളെ സംസാരിക്കും.

ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന് ശേഷം മധ്യേഷ്യയിൽ സംഘർഷസാധ്യത നിലനില്ക്കുമ്പോഴാണ് ഇറാൻ വിദേശകാര്യമന്ത്രിയുടെ ഇന്ത്യാ സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാളെ മൂന്നരയ്ക്ക് ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്ന ജവാദ് സരീഫ് വൈകിട്ട് അനൗപചാരിക സംഭാഷണത്തിനായി വീണ്ടും പ്രധാനമന്ത്രിയുടെ വസതിയിൽ എത്തും. 

വ്യാഴാഴ്ച വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി ചർച്ച നടത്തിയ ശേഷം ഇറാൻ വിദേശകാര്യമന്ത്രി മുംബൈയിലേക്ക് പോകും. സംഘർഷം ഒഴിവാക്കണമെന്നും മധ്യേഷയിലെ സ്ഥിതിയിൽ ആശങ്കയുണ്ടെന്നും ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.