17-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നായിരുന്നു കേസ്. എന്നാൽ, താൻ തെറ്റ് ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും കാർത്തിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
സേലം: ഡിഎൻഎ പരിശോധനയിൽ നിരപരാധിയാണെന്ന് തെളിഞ്ഞതോടെ പോക്സോ കേസിൽ രണ്ടുവർഷത്തോളമായി ജയിലിലായിരുന്ന യുവാവിനെ വെറുതേവിട്ടു. സേലം ജില്ലയിലെ കല്ലിപ്പട്ടി സ്വദേശിയായ എസ്. കാർത്തി(32)യെയാണ് സേലത്തെ പോക്സോ കോടതി കുറ്റവിമുക്തനാക്കിയത്.
2024 സെപ്റ്റംബറിലാണ് 17-കാരിയുടെ പരാതിയിൽ മേട്ടൂർ ഓൾ വിമൻ പൊലീസ് കാർത്തിയെ അറസ്റ്റ്ചെയ്തത്. 17-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നായിരുന്നു കേസ്. എന്നാൽ, താൻ തെറ്റ് ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും കാർത്തിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. രണ്ടുവർഷത്തോളമായി സേലം സെൻട്രൽ ജയിലിലായിരുന്ന കാർത്തി ഇതിനിടെ ജാമ്യത്തിനും ശ്രമിച്ചില്ല. തന്റെ നിരപരാധിത്വം കോടതിയിൽ തെളിയിച്ചതിന് ശേഷം മാത്രമേ ജയിലിൽനിന്ന് പുറത്തിറങ്ങൂ എന്നായിരുന്നു യുവാവിന്റെ നിലപാട്. തുടർന്നാണ് ഡിഎൻഎ പരിശോധനയ്ക്കായി കോടതിയുടെ അനുമതി തേടിയത്.
ഡിഎൻഎ പരിശോധനയ്ക്ക് കോടതി അനുമതി നൽകിയതോടെ കാർത്തിയുടേയും പരാതിക്കാരിയുടെയും കുഞ്ഞിന്റെയും ഡിഎൻഎ സാമ്പിളുകൾ അധികൃതർ ശേഖരിച്ചു. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് 17-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് കാർത്തിയല്ലെന്ന് തെളിഞ്ഞത്. ഇതോടെ കോടതി പ്രതിയെ കുറ്റവിമുക്തനാക്കുകയായിരുന്നു.
മറ്റൊരെയോ സംരക്ഷിക്കാനാണ് 17-കാരി കാർത്തിക്കെതിരേ വ്യാജപരാതി നൽകിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, സത്യം ജയിച്ചെന്നും ഇനി തനിക്ക് തലയുയർത്തി ഗ്രാമത്തിലേക്ക് പോകാമെന്നുമായിരുന്നു കോടതി വിധിക്ക് ശേഷം കാർത്തിയുടെ പ്രതികരണം. ' ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. നിയമത്തിന്റെ മുന്നിൽ എന്റെ നിരപരാധിത്വം തെളിയിക്കണമെന്നായിരുന്നു എന്റെ ആവശ്യം. അതുകൊണ്ടാണ് ജാമ്യത്തിന് പോലും ശ്രമിക്കാതിരുന്നത്. ഇപ്പോൾ സത്യം വിജയിച്ചിരിക്കുന്നു. ഇനി എനിക്ക് എന്റെ ഗ്രാമത്തിലേക്ക് തലയുയർത്തി മടങ്ങാം ', യുവാവ് പറഞ്ഞു.


