കണ്ണൂർ: ഇന്ത്യൻ ചരിത്ര കോൺഗ്രസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ പ്രസംഗം തെറ്റും വസ്തുതാവിരുദ്ധവുമെന്ന് വിഖ്യാത ചരിത്രകാരൻ ഇർഫാൻ ഹബീബ്. വിഭജനത്തെക്കുറിച്ച് മൗലാനാ അബ്ദുൾ കലാം ആസാദ് പറഞ്ഞതെന്ന് കാട്ടി ഗവർണർ പറഞ്ഞ കാര്യങ്ങളെല്ലാം വസ്തുതാവിരുദ്ധമാണ്. താൻ ഗവർണറെ ആക്രമിക്കാൻ ശ്രമിച്ചെന്നൊക്കെ പറയുന്നതിന് എന്താണ് മറുപടി പറയേണ്ടത്? - ഇർഫാൻ ഹബീബ് ചോദിക്കുന്നു.

''എനിക്ക് 88 വയസ്സായി. ഗവർണറുടെ സുരക്ഷാ ഉദ്യോഗസ്ഥന് മുപ്പത്തിയഞ്ചോ, പരമാവധി നാൽപ്പതോ വയസ്സ് മാത്രമേയുള്ളൂ പ്രായം. ആ ഉദ്യോഗസ്ഥനെ മറികടന്ന് ഞാൻ ഗവർണറെ ആക്രമിക്കാൻ ശ്രമിക്കുകയോ? ഇത് രണ്ടും കേട്ടാൽത്തന്നെ ആ പറയുന്നതിന്‍റെ നുണയെന്തെന്ന് നിങ്ങൾക്ക് ആലോചിച്ചുകൂടേ?'', എന്ന് ഇർഫാൻ ഹബീബ്. 

''ഇന്ത്യൻ മുസ്ലിങ്ങളെക്കുറിച്ച് മൗലാനാ അബ്ദുൾ കലാം ആസാദ് പറഞ്ഞു എന്ന് പറയുന്ന ആ വാചകം, അത് തെറ്റായാണ് ആരിഫ് മുഹമ്മദ് ഖാൻ ഉദ്ധരിച്ചത്. ഇന്ത്യൻ മുസ്ലിങ്ങൾ, അഴുക്കുചാലിൽ കെട്ടിക്കിടക്കുന്ന വെള്ളം എന്ന തരത്തിലൊരു പ്രസ്താവന ഒരിക്കലും ആസാദ് പറഞ്ഞിട്ടില്ല. എന്തിനാണ് നുണ പ്രധാനപ്പെട്ട ഒരു ചടങ്ങിലെ പ്രസംഗത്തിൽ ഗവർണ‌ർ ഉദ്ധരിക്കുന്നത്?'', എന്ന് ഇർഫാൻ ഹബീബ്.

''ഇസ്ലാമിക രാജ്യങ്ങളിൽ ഇസ്ലാം മതത്തിലുള്ളവരല്ലാത്തവർക്ക് പൂർണ പൗരത്വം നൽകരുതെന്ന വരികളുണ്ടെന്ന് പറഞ്ഞതും അബദ്ധമാണ്. ഖുറാനിൽ എന്ത് പൗരത്വമാണ്? പൗരത്വമെന്ന ആശയം തന്നെ ഖുറാൻ എഴുതപ്പെട്ട കാലത്ത് വന്നിരുന്നില്ല. അബദ്ധജടിലമായ പ്രസംഗത്തിൽ തെറ്റുകൾ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്'', ഇർഫാൻ ഹബീബ് വ്യക്തമാക്കുന്നു.

തന്നെ ക്രിമിനൽ എന്ന് വിളിക്കാം, തന്‍റെ ഇക്കാലമത്രയുമുള്ള ബഹുമതികളും അംഗീകാരങ്ങളും എല്ലാം സർക്കാരിന് തിരിച്ചെടുക്കാം. എന്നാലും പൗരത്വ നിയമഭേദഗതിയെ അംഗീകരിക്കില്ല - എന്ന് ഇർഫാൻ ഹബീബ് വ്യക്തമാക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ നീണ്ട അഭിമുഖത്തിലൂടെ, ചരിത്ര കോൺഗ്രസിൽ തന്‍റെ പ്രസംഗത്തിനിടെ ഇടപെട്ട് സംസാരിച്ചതും തടസ്സപ്പെടുത്തിയതും പ്രശ്നമുണ്ടാക്കിയതും ഇർഫാൻ ഹബീബാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചിരുന്നു. പൗരത്വ നിയമഭേദഗതിയെ സർവാത്മനാ അനുകൂലിക്കുന്നുവെന്നും, താൻ അധികാരത്തിലുണ്ടായിരുന്നെങ്കിൽ ബലം പ്രയോഗിച്ചും നിയമം നടപ്പാക്കിയേനെ എന്നും ഗവർണർ വ്യക്തമാക്കി. അതിന് സർക്കാരിനെയും അധികാരത്തെയും ബലി കഴിക്കേണ്ടി വന്നിരുന്നെങ്കിൽ അതിനും താൻ തയ്യാറായേനെ എന്നും ഗവർണർ പറയുന്നു. 

Read more at: 'അധികാരത്തിൽ ഉണ്ടായിരുന്നെങ്കിൽ നിയമം ബലം പ്രയോഗിച്ച് നടപ്പാക്കിയേനെ'; തുറന്നടിച്ച് ഗവർണർ

ഉദ്ഘാടനത്തിനിടെ ചരിത്രകാരൻ ഇർഫാൻ ഹബീബ് തന്നെ ബലമായി തടയാൻ ശ്രമിച്ചെന്ന് ഗവർണർ ട്വീറ്റ് ചെയ്തിരുന്നു. ഉദ്ഘാടന പ്രസംഗം ഇർഫാൻ ഹബീബ് തടസപ്പെടുത്താൻ ശ്രമിച്ചുവെന്നും മൗലാൻ അബ്ദുൾ കലാം ആസാദിന്‍റെ വാക്കുകൾ ഉദ്ധരിക്കാൻ തന്നെ അനുവദിച്ചില്ലെന്നും ഗവർണർ ട്വീറ്റിൽ പറഞ്ഞിരുന്നു. തടയാൻ ശ്രമിച്ച ഗവർണറുടെ എഡിസിയെയും സുരക്ഷാജീവനക്കാരനെയും ഇർഫാൻ ഹബീബ് തള്ളിമാറ്റിയെന്നും ട്വീറ്റിൽ പറയുന്നു. 

ദേശീയ ചരിത്ര കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ കേരളാ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വന്‍ പ്രതിഷേധമാണ് പ്രതിനിധികളും വിദ്യാര്‍ഥികളും ഉയർത്തിയത്. പൗരത്വഭേദഗതിയെ അനുകൂലിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും സിപിഎം നേതാക്കൾ ഉൾപ്പടെയുള്ളവരും സംഘാടകരും ഇടപെട്ട് ആദ്യം ഇത് തടഞ്ഞു. എന്നാല്‍ പിന്നീട് പൊലീസ് നാല് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു.