Asianet News MalayalamAsianet News Malayalam

Padma award : 'വിരോധാഭാസം': ഗുലാം നബി ആസാദിനെ പിന്തുണച്ചും കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചും കപിൽ സിബൽ

പൊതുജീവിതത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾ രാജ്യം അംഗീകരിക്കുമ്പോൾ കോൺഗ്രസിന് അദ്ദേഹത്തിന്റെ സേവനം ആവശ്യമില്ലെന്നതാണ് വിരോധാഭാസം
Ironic that Congress doesnt need his services Kapil Sibal on Padma Award to Ghulam Nabi Azad
Author
Delhi, First Published Jan 26, 2022, 11:33 AM IST

ദില്ലി: പദ്മഭൂഷൺ പുരസ്കാരം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് മുതിർന്ന നേതാവ് ഗുലാം നബി ആസാദിനെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെ പിന്തുണയുമായി കോൺഗ്രസ് നേതാവ് കപിൽ സിബൽ. കോൺഗ്രസ് നേതൃത്വത്തിനെതിരായ പരസ്യ വിമർശനമാണ് കപിൽ സിബലിന്റെ ട്വീറ്റ്. കോൺഗ്രസ് ഗുലാം നബി ആസാദിന്റെ സേവനങ്ങൾ ഇനി വേണ്ടെന്ന് പാർട്ടി നിലപാട് എടുത്തുവെന്നാണ് കപിൽ സിബലിന്റെ ട്വീറ്റ്. സഹപ്രവർത്തകന് അഭിനന്ദനങ്ങളും കപിൽ സിബൽ അറിയിച്ചിട്ടുണ്ട്.

'പൊതുജീവിതത്തിൽ അദ്ദേഹം നൽകിയ സംഭാവനകളെ രാജ്യം ആദരിക്കുമ്പോൾ കോൺഗ്രസിന് അദ്ദേഹത്തിന്റെ സേവനം ആവശ്യമില്ലെന്നത് വിരോധാഭാസമാണ്,' - എന്നാണ് കപിൽ സിബൽ ട്വീറ്റ് ചെയ്തത്.

കോൺഗ്രസിൽ അതൃപ്തി

ഗുലാം നബി ആസാദ് (Ghulam Nabi Azad) പദ്മ പുരസ്കാരം (Padma Award) സ്വീകരിച്ചതിൽ കോൺഗ്രസിൽ കടുത്ത അതൃപ്തി. സിപിഎം പിബി അംഗവും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യയെ പോലെ പുരസ്കാരം നിരസിക്കണമായിരുന്നുവെന്നാണ് കോൺഗ്രസിലെ ഒരുവിഭാഗം ഉയർത്തുന്ന നിലപാട്. ബിജെപി സർക്കാർ നൽകിയ പദ്മഭൂഷൺ പുരസ്ക്കാരം സ്വീകരിച്ചത് കശ്മീർ പുന:സംഘടനക്കെതിരായ കോൺഗ്രസ് പാർട്ടി നിലപാടിനെ ദുർബലപ്പെടുത്തുന്ന തീരുമാനമാണെന്ന് നേതാക്കൾ പ്രതികരിക്കുന്നു.

ഗുലാംനബി ആസാദിനെ പരോക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ഇന്നലെ തന്നെ രംഗത്തെത്തിയിരുന്നു. പത്മപുരസ്കാരം നിരസിച്ചതിലൂടെ ബുദ്ധദേബ് ഭട്ടാചാര്യ ചെയ്തത് ഉചിതമായ കാര്യമെന്നായിരുന്നു ജയറാം രമേശിന്റെ പ്രതികരണം. ബുദ്ധദേബ് അടിമയാവാനല്ല സ്വതന്ത്രനാവാനാണ് ആഗ്രഹിക്കുന്നതെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു. 'He wants to be Azad not Ghulam'എന്നതായിരുന്നു ട്വീറ്റ്.

പ്രതിപക്ഷ നിരയിലെ പ്രധാനികളായ ഗുലാം നബി ആസാദിനും ബുദ്ധദേവ് ഭട്ടാചാര്യയ്ക്കും പദ്മഭൂഷന്‍ പുരസ്ക്കാരമാണ് ലഭിച്ചത്. പുരസ്ക്കാരപ്രഖ്യാപനത്തിന് പിന്നാലെ പദ്മഭൂഷൺ നിരസിക്കുന്നു എന്ന് ബുദ്ധദേബ് ഭട്ടാചാര്യ അറിയിച്ചു. പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. മുതിർന്ന സം​ഗീതജ്ഞ സന്ധ്യ മുഖോപാധ്യായയും പദ്മശ്രീ പുരസ്കാരം നിരസിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios