ദില്ലി: ജമാ മസ്ജിദിൽ പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രതിഷേധം നടത്തിയതിന്‍റെ പേരിൽ അറസ്റ്റിലായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്‍റെ അറസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി ദില്ലി തീസ് ഹസാരി കോടതി. ജമാ മസ്ജിദിൽ പ്രതിഷേധിക്കുന്നതിൽ എന്താണ് തെറ്റെന്ന് കേസ് പരിഗണിച്ച സെഷൻസ് ജഡ്ജി കാമിനി ലോ ചോദിച്ചു. 'ജമാ മസ്ജിദ് എന്താ പാകിസ്ഥാനിലാണോ? അവിടെയെന്താ പ്രതിഷേധിച്ചുകൂടേ? പ്രതിഷേധിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണെന്ന് അറിഞ്ഞുകൂടേ?', കോടതി പൊലീസിനോട് ചോദിച്ചു.

ജമാ മസ്ജിദിനടുത്തുള്ള ദരിയാ ഗഞ്ജിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അക്രമത്തിനും കലാപത്തിനും ആഹ്വാനം ചെയ്തെന്ന് ആരോപിച്ചാണ് ചന്ദ്രശേഖ‍ർ ആസാദ് അറസ്റ്റ് ചെയ്യപ്പെട്ടത്. നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന ആസാദിന്‍റെ ജാമ്യ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ രൂക്ഷവിമർശനം.

''ധർണയിലോ പ്രതിഷേധത്തിലോ തെറ്റെന്താണ്? നിങ്ങളെന്താണ് ധരിച്ചുവച്ചിരിക്കുന്നത്? പ്രതിഷേധിക്കുക എന്നത് ഒരു പൗരന് ഭരണഘടന ഉറപ്പു നൽകുന്ന അവകാശമാണ്'', ജഡ്ജി ദില്ലി പൊലീസിന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടറോട് പറഞ്ഞു. 

പ്രതിഷേധം നടന്നതിനെക്കുറിച്ച് ദില്ലി പൊലീസ് വിവരിക്കുന്നത് കേട്ടാൽ ജമാ മസ്ജിദ് പാകിസ്ഥാനിലാണെന്ന് തോന്നുമല്ലോ എന്നും ജഡ്ജി വിമർശിച്ചു. പ്രതിഷേധിക്കണമെങ്കിൽ ഒരാൾക്ക് അനുമതി വാങ്ങിക്കണ്ടേ എന്ന് ചോദിച്ചപ്പോൾ കടുത്ത ഭാഷയിലുള്ള വിമർശനമാണ് കോടതി നടത്തിയത്.

''എന്ത് അനുമതി? തുടർച്ചയായി നിരോധനാജ്ഞ നടപ്പാക്കാൻ സെക്ഷൻ 144 പ്രഖ്യാപിക്കുന്നത് അധികാര ദുർവിനിയോഗമാണെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. പാർലമെന്‍റിന് പുറത്ത് നിരവധി ധർണകളും പ്രതിഷേധങ്ങളും നടക്കാറില്ലേ? അവരൊക്കെ ഇപ്പോൾ പല മുതിർന്ന നേതാക്കളാണ്, മുഖ്യമന്ത്രിമാരാണ്. ഓർക്കണം'', ജഡ്ജി ചൂണ്ടിക്കാട്ടി. 

''അതല്ല നിങ്ങൾ ഇനി ഭരണഘടന തന്നെ വായിച്ചിട്ടില്ലേ?'', പ്രോസിക്യൂട്ടറോട് ജഡ്ജി ചോദിച്ചു. 

എന്നാൽ താൻ അതല്ല ഉദ്ദേശിച്ചതെന്നും, ജമാ മസ്ജിദിന്‍റെ സമീപത്ത് നിന്ന് പൊലീസ് പറത്തിയ ഡ്രോണിൽ പതിഞ്ഞ ദൃശ്യങ്ങളിൽ ചന്ദ്രശേഖർ ആസാദ് കലാപത്തിന് ആഹ്വാനം നൽകുന്ന തരത്തിൽ പ്രസംഗിച്ചത് വ്യക്തമാണെന്ന് പ്രോസിക്യൂട്ടർ വാദിച്ചു. എങ്കിൽ ആ പ്രസംഗങ്ങളെവിടെ എന്ന് കോടതി ചോദിച്ചു.

നിലവിൽ ഡിസംബർ 21- വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ചന്ദ്രശേഖർ ആസാദ്. പൊലീസ് അനുമതി നിഷേധിച്ചിട്ടും ജമാ മസ്ജിദിൽ നിന്ന് ജന്തർമന്ദർ വരെ മാർച്ച് നടത്തിയെന്നതാണ് ആസാദിനെതിരായ മറ്റൊരു കേസ്. 

ദില്ലി ഗേറ്റിനടുത്ത് വച്ച് ഈ മാർച്ച് പൊലീസ് തടഞ്ഞിരുന്നു. ഇതേത്തുടർന്നുണ്ടായ അക്രമത്തിൽ ദില്ലി ഗേറ്റ് പരിസരം സംഘ‍ർഷമുഖരിതമായിരുന്നു. വാഹനങ്ങൾ കത്തിച്ചതുൾപ്പടെയുള്ള അക്രമങ്ങൾ അരങ്ങേറുകയും പൊലീസ് വ്യാപകമായി കണ്ണീർ വാതകഷെല്ലുകളും ജലപീരങ്കിയും പ്രയോഗിക്കുകയും ചെയ്തു.