മുസാഫര്‍പുര്‍: ബീഹാറില്‍ മസ്‌തിഷ്‌കജ്വരം ബാധിച്ച്‌ കുട്ടികള്‍ മരിക്കാന്‍ കാരണം ലിച്ചിപ്പഴമാണോ എന്ന ആശങ്ക വര്‍ധിക്കുന്നു. ലിച്ചിപ്പഴം അപകടകാരിയാണെന്നാണ്‌ സംസ്ഥാനസര്‍ക്കാര്‍ ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ മുന്നറിയിപ്പ്‌ സൂചിപ്പിക്കുന്നതെന്ന്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്‌തു.

പത്തു വയസ്സില്‍ താഴെയുള്ള 48 കുട്ടികളാണ്‌ മസ്‌തിഷ്‌കജ്വരം മൂലം മുസാഫര്‍പൂരിലും സമീപപ്രദേശത്തുമായി മരിച്ചത്‌. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ കുട്ടികളാണ്‌ മരിച്ചത്‌. രോഗം വ്യാപകമാകാന്‍ കാരണമെന്താണെന്ന അന്വേഷണത്തിലായിരുന്നു ആരോഗ്യവിഗദ്ധര്‍. ഈ സാഹചര്യത്തിലാണ്‌ കുട്ടികള്‍ക്ക്‌ ലിച്ചിപ്പഴം കഴിക്കാന്‍ നല്‍കരുതെന്ന നിര്‍ദേശം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്‌.

കുട്ടികള്‍ വെറുംവയറ്റില്‍ ലിച്ചിപ്പഴം കഴിക്കുന്നത്‌ തടയണമെന്നാണ്‌ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. പാകമാകാത്ത പഴങ്ങള്‍ കഴിക്കരുതെന്നും നിര്‍ദേശമുണ്ട്‌. മുസാഫര്‍പൂരിലും സമീപപ്രദേശത്തും വളരുന്ന ലിച്ചിപ്പഴങ്ങളില്‍ മെഥിലീന്‍ സെക്ലോപ്രൊപ്പൈല്‍-ഗ്ലൈസീന്‍ എന്ന വിഷവസ്‌തു അടങ്ങിയിട്ടുണ്ടെന്നും ഇതാണ്‌ മസ്‌തിഷ്‌ക അണുബാധയ്‌ക്ക്‌ കാരണമാകുന്നതെന്നുമാണ്‌ ഇപ്പോള്‍ അഭിപ്രായങ്ങളുയരുന്നത്‌.

ലിച്ചിപ്പഴം കുട്ടികളില്‍ ഹൈപ്പോഗ്ലൈസെമിക്‌ എന്‍സെഫാലോപതി എന്ന അവസ്ഥ സൃഷ്ടിക്കുമെന്നാണ്‌ പറയപ്പെടുന്നത്‌. ഇത്‌ ദഹനവ്യവസ്ഥയെയാണ്‌ ആദ്യം ബാധിക്കുക. ക്രമേണ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ക്രമാതീതമായി കുറയുകയും മസ്‌തിഷ്‌കത്തെ ബാധിക്കുകയും ചെയ്യുമെന്നാണ്‌ ഒരു വിഭാഗം ആരോഗ്യവിഗദ്ധര്‍ അഭിപ്രായപ്പെടുന്നത്‌.

എന്നാല്‍, കുട്ടികളിലെ മസ്‌തിഷ്‌കജ്വരത്തിന്‌ കാരണം ലിച്ചിപ്പഴമാണെന്ന്‌ വാദം ചിലര്‍ തള്ളിക്കളയുന്നു. ലിച്ചിപ്പഴം അപകടകാരിയാണെങ്കില്‍ അവ കഴിക്കുന്ന കുട്ടികള്‍ക്കെല്ലാം രോഗം ബാധിക്കില്ലേ എന്നും എന്തുകൊണ്ടാണ്‌ ബീഹാറില്‍ മാത്രം ഇത്‌ സംഭവിക്കുന്നതെന്നുമാണ്‌ ഇവരുടെ ചോദ്യം. വിപണിയില്‍ ലിച്ചിപ്പഴത്തിന്‌ മൂല്യം കുറയുന്നില്ലല്ലോ എന്നും ഇവര്‍ ചോദിക്കുന്നു.