പുതുച്ചേരി നിയമസഭയിലെ സത്യപ്രതിജ്ഞയ്ക്കിടെ ടിവികെ എംഎൽഎ ബി രാമു, നടൻ വിജയ് യുടെ ചിത്രം ഉയർത്തിക്കാട്ടിയത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. വിജയ് പുതിയ ദൈവമാണോ എന്ന് പ്രൊ ടെം സ്പീക്കർ പരിഹസിച്ചു. 

പുതുച്ചേരി: പുതുച്ചേരി നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞയ്ക്കിടെ വിജയ് യുടെ ചിത്രം പോക്കറ്റിൽ നിന്ന് എടുത്തുയർത്തി ടിവികെ എംഎൽഎ. ദൈവനാമത്തിലെ സത്യപ്രതിജ്ഞയ്ക്കിടെ ആണ് എംഎൽഎ ബി രാമു ‌ചിത്രം ഉയർത്തി കാണിച്ചത്. തുടർന്ന് പ്രൊ ടെം സ്പീക്കർ അൻപഴഗൻ എംഎൽഎയെ ശകാരിച്ചു.വിജയ് ദൈവം ആണോ എന്നായിരുന്നു അൻപഴഗന്‍റെ ചോദ്യം. ഇപ്പോൾ തന്നെ 1008 ദൈവങ്ങൾ ഉണ്ട്‌. വിജയ് പുതിയ 1009 ആം ദൈവമാണോ എന്നും പരിഹസിച്ചു. പേപ്പറിൽ ഉള്ളത് മാത്രം വായിച്ചാൽ മതിയെന്നും പ്രൊ ടെം സ്പീക്കർ കർശന നിർദേശം നൽകി.

Add Asianetnews as a Preferred SourcegooglePreferred

എൻ ആർ കോൺഗ്രസ് - ബി ജെ പി സഖ്യമാണ് പുതുച്ചേരിയിൽ അധികാരമേറ്റത്. അഞ്ചാം തവണയാണ് രംഗസ്വാമി പുതുച്ചേരിയുടെ മുഖ്യമന്ത്രിയാകുന്നത്. 30 അംഗങ്ങളുള്ള പുതുച്ചേരി നിയമസഭയിൽ 18 എം എൽ എമാരുടെ പിന്തുണയാണ് എൻ ആർ കോൺഗ്രസ് - ബി ജെ പി സഖ്യത്തിനുള്ളത്. എൻ ആർ കോൺഗ്രസ് 12 മണ്ഡലങ്ങളിലും ബി ജെ പി നാല് മണ്ഡലങ്ങളിലുമാണ് വിജയിച്ചത്‌. എ ഐ എ ഡി എം കെ, എൽ ജെ കെ എന്നിവർ ഓരോ സീറ്റ് വീതവും നേടി. പ്രതിപക്ഷത്ത് ഡിഎംകെ 5 സീറ്റുകളും കോൺഗ്രസ് ഒരു സീറ്റും ടിവികെ 3 സീറ്റുകളും സ്വതന്ത്രർ 3 സീറ്റുകളും നേടി.

ഡിഎംകെ എംഎൽഎ സെന്തിൽ ഫ്രഞ്ച് ഭാഷയിൽ സത്യപ്രതിജ്ഞ ചെയ്യാൻ താല്പര്യം പ്രകടിപ്പിച്ചെങ്കിലും സ്പീക്കർ അതിന് അനുമതി നൽകിയില്ല. രാജ്യത്തെ ഔദ്യോഗിക ഭാഷകളിൽ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാൻ അനുവാദമുള്ളൂ എന്ന് സ്പീക്കർ അൻപഴകൻ വ്യക്തമാക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം മലയാളത്തിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. ഫ്രഞ്ച് ഭാഷയ്ക്ക് അനുമതി നിഷേധിച്ചതിനെതിരെ പുതുച്ചേരിയിൽ ഭാഷ അടിച്ചേൽപ്പിക്കലാണോ നടക്കുന്നത് എന്ന തരത്തിൽ വിമർശനം ഉയർന്നു.