ഹിറ്റ്ലറെയും ഹോളോകോസ്റ്റ് കൂട്ടക്കൊലയെയും പ്രകീർത്തിച്ചാണ് സന്ദേശം ലഭിച്ചതെന്ന് അംബാസിഡര്‍ ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നു. 

ദില്ലി: കശ്മീർ ഫയൽസ്‍ വിവാദങ്ങൾക്കു പിന്നാലെ തനിക്ക് വിദ്വേഷ സന്ദേശങ്ങള്‍ ലഭിക്കുന്നതായി ഇസ്രായേൽ അംബാസിഡര്‍ നോയർ ഗിലൻ. തനിക്കെതിരെ നടന്ന വിദ്വേഷ സന്ദേശളുടെ സ്ക്രീൻ ഷോട്ടുകളും ഇസ്രായേൽ അംബാസിഡര്‍ പങ്കുവെച്ചിട്ടുണ്ട്. 

ഹിറ്റ്ലറെയും ഹോളോകോസ്റ്റ് കൂട്ടക്കൊലയെയും പ്രകീർത്തിച്ചാണ് സന്ദേശം ലഭിച്ചതെന്ന് അംബാസിഡര്‍ ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നു. ട്വിറ്ററിൽ സന്ദേശം അയച്ച ആളുടെ വ്യക്തിഗത വിവരങ്ങൾ നോയർ ഗിലൻ പരസ്യമാക്കിയിട്ടില്ല. ​

''നിങ്ങളെ പോലുള്ള കീടങ്ങളെ കത്തിച്ചുകളഞ്ഞ ഹിറ്റ്ലർ മഹാനാണ്''-എന്നാണ് സന്ദേശത്തിന്‍റെ ഉള്ളടക്കം എന്ന് സ്ക്രീന്‍ ഷോട്ടില്‍ വ്യക്തമാണ്. ഗോവയിൽ നടന്ന ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലി​നിടെ കശ്മീർ ഫയൽസിനെ ഇസ്രായേൽ സംവിധായകന്‍ നദവ് ലാപിഡ് പരസ്യമായി തള്ളിപ്പറഞ്ഞതാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. 

Scroll to load tweet…

'ദ കാശ്മീര്‍ ഫയല്‍സി'നെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‍റെ മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ജൂറി ചെയര്‍മാന്‍ നാദവ് ലാപിഡ് രംഗത്തെത്തിയതിന് പിന്നാലെ നദാവ് ലാപിഡിനെതിരെ വിമര്‍ശനവുമായി ഇസ്രയേല്‍ അംബാസിഡര്‍ രംഗത്ത് എത്തിയിരുന്നു. 
മത്സരവിഭാഗത്തില്‍ കശ്‍മിര്‍ ഫയല്‍സ് കണ്ടിട്ട് അസ്വസ്‍ഥയും നടുക്കവുമുണ്ടായെന്ന് ഇസ്രയേലി സംവിധായകനായ നാദവ് ലാപിഡ് ചലച്ചിത്രോത്സവത്തിന്‍റെ സമാപന വേദിയില്‍ വച്ച് വിമര്‍ശിച്ചിരുന്നു. ഒരു പ്രൊപഗൻഡ ചിത്രമായാണ് 'ദ കശ്‍മിര്‍ ഫയല്‍സ്' തോന്നിയതെന്നും നാദവ് ലാപിഡ് വിമര്‍ശനം ഉന്നയിച്ചിരുന്നു. 

ഇസ്രയേലി സംവിധായകനും ജൂറി ചെയര്‍മാനുമായ നാദവ് ലാപിഡിന്‍റെ പരാമര്‍ശനത്തില്‍ അദ്ദേഹം സ്വയം ലജ്ജിക്കണമെന്നായിരുന്നു ഇസ്രയേല്‍ അംബാസിഡര്‍ നോയർ ഗിലന്‍റെ വിമര്‍ശനം. രാജ്യാന്തര ചലച്ചിത്രോത്സവ ജൂറി അധ്യക്ഷ പദവി നദാവ് ദുരുപയോഗിച്ചെന്നും അദ്ദേഹത്തെ ഈ പദവിയിലേക്ക് ക്ഷണിച്ചത് ഇന്ത്യക്ക് ഇസ്രയേലിനോടുള്ള സ്നേഹത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും ഇസ്രയേല്‍ അംബാസിഡര്‍ ഗിലോണ്‍ പറഞ്ഞു. 

കശ്മീർ ഫയൽസ് വിമർശനം ഇസ്രായേൽ രാഷ്ട്രീയത്തിലെ നദാവ് ലാപിഡിന്‍റെ നിലപാടിന്‍റെ ഭാഗമാണെന്നും അദ്ദേഹത്തിന്‍റെ പരാമര്‍ശം വഴി ഇന്ത്യ ഇസ്രായേൽ ബന്ധത്തിന് വരുത്തിയ കോട്ടം അതിജീവിക്കുമെന്നും ഇന്ത്യയിലെ ഇസ്രായേൽ അംബാസിഡർ ഗിലോൺ കൂട്ടിച്ചേര്‍ത്തു.