ജിഎസ്എൽവി എഫ്-17 ദൗത്യവിജയത്തിൽ പ്രതികരിച്ച് ഐഎസ്ആർഒ ചെയർമാൻ വി നാരായണൻ. വിജയം ടീം വർക്കിന്റെയും സ്മാർട്ട് വർക്കിന്റെയും ഫലമാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ഈ സാമ്പത്തിക വർഷം ആറ് വിക്ഷേപണങ്ങൾ നടത്തുമെന്നും അറിയിച്ചു.
തിരുവനന്തപുരം: ജിഎസ്എൽവി-എഫ്17 ദൗത്യവിജയത്തിൽ പ്രതികരണവുമായി ഐഎസ്ആർഒ ചെയർമാൻ വി നാരായണൻ. വിജയം ടീം വർക്കിന്റെയും സ്മാർട്ട് വർക്കിന്റെയും ഫലമെന്ന് വി നാരായണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പെർഫക്ട് ലോഞ്ചാണ് നടന്നത്. ലക്ഷ്യമിട്ടതിനേക്കാൾ മികച്ച ഭ്രമണപഥത്തിലാണ് ഉപഗ്രഹത്തെ സ്ഥാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
170 X 29000 കിലോമീറ്റർ പരിക്രമണപഥമാണ് ലക്ഷ്യമിട്ടതെന്നും 171 X 31200 കിലോമീറ്റർ ഭ്രമണപഥത്തിലാണ് എത്തിച്ചതെന്നും വി നാരായണൻ പറഞ്ഞു. ഇതോടെ ഉപഗ്രഹത്തിന്റെ പ്രവർത്തന കാലാവധി കൂടുതൽ കിട്ടുമെന്നും അദ്ദേഹം അറിയിച്ചു.
ഈ സാമ്പത്തിക വർഷം ആറ് വിക്ഷേപണങ്ങൾ നടത്തുമെന്നും വി നാരായണൻ അറിയിച്ചു. ഒരോ മാസവും ഓരോ വിക്ഷേപണം എന്നതാണ് ലക്ഷ്യം. ഗഗൻയാൻ ഈ കലണ്ടർ വർഷം തന്നെ നടക്കും. നാവിക് ഉപഗ്രഹ വിക്ഷേപണവും ഉടൻ നടക്കും. വാണിജ്യ വിക്ഷേപണവും ഉണ്ടാകുമെന്ന് അറിയിച്ച അദ്ദേഹം ലക്ഷ്യങ്ങൾ നേടാൻ ഒരു ടീമായി പരിശ്രമിക്കുമെന്നും പറഞ്ഞു.
വിജയവഴിയിൽ തിരിച്ചെത്തി ഐഎസ്ആർഒ
ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് -05 നെ സുരക്ഷിതമായി ലക്ഷ്യമിട്ട ഭ്രമണപഥത്തിൽ എത്തിക്കാൻ ജിഎസ്എൽവി-എഫ്17ന് കഴിഞ്ഞതോടെ ഐഎസ്ആർഒ വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. പിഎസ്എൽവി പരാജയത്തിന് ശേഷമുള്ള തിരിച്ചുവരവ് ദൗത്യമായ ജിഎസ്എൽവി-എഫ്17 അതിഗംഭീരമായി പൂർത്തിയാക്കാൻ കഴിഞ്ഞത് ഐഎസ്ആർഒയ്ക്ക് ഇരട്ടിമധുരമാണ് നൽകുന്നത്. ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമാണിത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽനിന്ന് ഇന്ന് പുലർച്ചെ 2:55നായിരുന്നു വിക്ഷേപണം നടന്നത്. ഇരുപത്തിയേഴര മണിക്കൂർ നീണ്ട കൗണ്ട് ഡൗണിന് ശേഷമായിരുന്നു വിക്ഷേപണം. രാജ്യസുരക്ഷ മുതൽ ദുരന്തനിവാരണം വരെ വിവിധ മേഖലകളിൽ മുതൽക്കൂട്ടാകേണ്ട ഉപഗ്രഹമാണ് ഭ്രമണപഥത്തിൽ എത്തിച്ചിരിക്കുന്നത്. ഭൂസ്ഥിര പരിക്രമണപഥത്തിൽനിന്ന് മുഴുവൻ സമയം ഇന്ത്യൻ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കുകയാണ് ഉപഗ്രഹത്തിന്റെ ദൗത്യം.


