ചെന്നെ: ഐഎസ്ആര്‍ഒയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 3 ന്‍റെ വിക്ഷേപണം വിജയം.  ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് രാവിലെ 9.28 നായിരുന്നു വിക്ഷേപണം. പിഎസ്എൽവി 47 റോക്കറ്റിലാണ് കാര്‍ട്ടോസാറ്റ് 3 വിക്ഷേപിച്ചത്. അമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങളും കാര്‍ട്ടോസാറ്റിന് ഒപ്പമുണ്ട്. 27 മിനിറ്റെടുത്താണ് ഉപഗ്രഹങ്ങളെ റോക്കറ്റ് ഭ്രമണപഥത്തിൽ എത്തിച്ചത്. 

വിദൂരസംവേദന ഉപഗ്രഹമാണ് കാര്‍ട്ടോ സാറ്റ് 3. നഗരാസൂത്രണം, ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, തീരദേശ ഭൂവിനിയോഗം ദുരന്ത നിവാരണം എന്നീ മേഖലകളിൽ വിവരങ്ങൾ ശേഖരിക്കാൻ ലക്ഷ്യമിട്ടാണ് ഉപഗ്രഹത്തിന്‍റെ രൂപകൽപ്പന. അഞ്ച് വര്‍ഷമാണ് ഉപഗ്രഹത്തിന്‍റെ കാലാവധി.