ചെന്നൈ: വെള്ളമില്ലാത്തതിനാല്‍ ജീവനക്കാരോട്‌ വീട്ടിലിരുന്ന്‌ ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ച്‌ ഐടി കമ്പനി. ചെന്നൈയിലെ ഒ എം ആര്‍ എന്ന ഐടി കമ്പനിയാണ്‌ നിര്‍ദ്ദേശം നല്‍കിയത്‌. വരള്‍ച്ച അതിരൂക്ഷമായ ചെന്നൈയില്‍ മഴ ലഭിച്ചിട്ട്‌ 200 ദിവസങ്ങളായി. ജലക്ഷാമം കൈകാര്യം ചെയ്യാന്‍ സാധിക്കാതെ വന്നതോടെയാണ്‌ കമ്പനി പുതിയ വഴി തേടിയത്‌.

ഏകദേശം 5,000 ടെക്കികളും 12 കമ്പനികളുമാണ് ഒഎംആറില്‍ പ്രവര്‍ത്തിക്കുന്നത്. നാല്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പ്രൈവറ്റ്‌ ടാങ്കേഴ്‌സ്‌ സമരത്തിനിടെയാണ്‌ ഇത്തരത്തില്‍ ജീവനക്കാരോട്‌ വീട്ടിലിരുന്ന്‌ ജോലി ചെയ്യാന്‍ കമ്പനി പറഞ്ഞത്‌. 600 ഐടി, ഐടിഇഎസ്‌ സംരംഭങ്ങളാണ്‌ ഒ എം ആറിന്‌ കീഴിലുള്ളത്‌. ജലക്ഷാമത്തെ നേരിടാന്‍ വിവിധ കമ്പനികള്‍ പല മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ട്‌. ഫോര്‍ഡ്‌ ബിസിനസ്സ്‌ സര്‍വീസസ്‌ പോലുള്ള സ്ഥാപനങ്ങള്‍ കുടിവെള്ള ക്ഷാമത്തെ നേരിടുന്നതിനായി ജീവനക്കാരോട്‌ കുടിവെള്ളം വീട്ടില്‍ നിന്ന്‌ കൊണ്ടുവരണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

മൂന്ന്‌ കോടി ലിറ്ററോളം ജലമാണ്‌ വേനല്‍ക്കാലത്ത്‌ ഒഎംആറില്‍ ഉപയോഗിക്കുന്നത്‌. ഇതില്‍ 60% ഐടി സംരഭങ്ങളും മറ്റുള്ള ഓഫീസുകളും ഉപയോഗിക്കുന്നു. ജലക്ഷാമം രൂക്ഷമായതോടെ ചില ഐടി സംരഭങ്ങള്‍ ജലസംരക്ഷണത്തെക്കുറിച്ച്‌ ബോധവത്‌കരണം നല്‍കുന്ന പോസ്‌റ്ററുകളും കമ്പനിക്ക്‌ പുറത്ത്‌ ഒട്ടിച്ചു.