ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ശബ്ദമുയര്‍ത്തി എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയ്. നമ്മുടെ ഭരണഘടനയെ തകര്‍ക്കുകയാണെന്നും കാല്‍ചുവട്ടിലെ മണ്ണ് ഇല്ലാതാക്കുകയാണെന്നും അരുന്ധതി റോയ് പറഞ്ഞു. നോട്ടുനിരോധനം നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ തകര്‍ത്തു. മൂന്ന് വര്‍ഷം മുമ്പ് നമ്മള്‍ അനുസരണയോടെ ബാങ്കുകള്‍ക്ക് മുന്നില്‍ വരി നിന്നു. അന്ന് നോട്ടുനിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് തകര്‍ത്തത്. ഒരു രാത്രി മോദി നോട്ടുകള്‍ മൂല്യമില്ലാത്തതാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. 

1935ല്‍ ജര്‍മനിയില്‍ ഹിറ്റ്ലര്‍ നടപ്പാക്കിയ ന്യൂറംബര്‍ഗ് നിയമത്തിന് സമാനമാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടപ്പാക്കുന്നത്. ഇത് അംഗീകരിച്ചാല്‍ രാജ്യം തകരും. സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. നമ്മള്‍ ഒരുമിച്ച് നില്‍ക്കണമെന്നും അരുന്ധതി റോയ് പറഞ്ഞു. 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പ്രതിഷേധം നടക്കുകയാണ്. വിദ്യാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും നിയമത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളിലെല്ലാം പ്രതിഷേധം ആളിക്കത്തുകയാണ്.