ദില്ലി: ജമ്മു കശ്മീരിൽ 4G സേവനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യേണ്ടെന്ന് പാർലമെന്റിന്റെ ഐടി സമിതിക്ക് നിർദ്ദേശം. സ്പീക്കർ ഓം ബിർലയാണ് ശശി തരൂർ അധ്യക്ഷനായ സമിതിക്ക് നിർദ്ദേശം നൽകിയത്. ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിയിലായതിനാലാണ് ചർച്ച ചെയ്യേണ്ടെന്ന് ആവശ്യപ്പെട്ടതെന്നാണ് വിശദീകരണം.

സെപ്തംബർ ഒന്നിന് ചേരാനിരുന്ന യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്യാനിരുന്നത്. സമിതിയിലെ ബിജെപി അംഗങ്ങൾ ഇത് ചർച്ച ചെയ്യരുതെന്ന നിലപാടിലായിരുന്നു. ഇതേ തുടർന്നാണ് ഈ വിഷയം ചർച്ച ചെയ്യേണ്ടെന്ന് സ്പീക്കർ നിർദ്ദേശം നൽകിയത്. തലസ്ഥാനത്തിരിക്കുന്നവർ കാശ്മീരിൽ 4ജി സേവനം ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ച് കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ നിലപാട് എടുക്കരുതെന്നായിരുന്നു ബിജെപി അംഗങ്ങളുടെ നിലപാട്. 

സമിതിയിലെ പ്രതിപക്ഷ അംഗങ്ങൾ ശശി തരൂർ, ശക്തിസിങ് ഗോഹിൽ(കോൺഗ്രസ്), മഹുവ മൊയിത്ര (തൃണമൂൽ കോൺഗ്രസ്) എന്നിവരാണ്. ഈ വിഷയം ചർച്ച ചെയ്യണമെന്ന നിലപാടുകാരായിരുന്നു മൂവരും.