ലഖ്‌നൗ: കൊവിഡിനെതിരെയുള്ള വാക്‌സിന്‍ ബിജെപി വാക്‌സിനാണെന്നും വിശ്വസിക്കാനാകില്ലെന്നും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും എസ്പി നേതാവുമായ അഖിലേഷ് യാദവ്. വാക്‌സിന്‍ താന്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'ബിജെപി നല്‍കുന്ന വാക്‌സിനേഷനെ നമുക്ക് എങ്ങനെ വിശ്വസിക്കാനാകും. ബിജെപി നല്‍കുന്ന വാക്‌സിന്‍ ഞങ്ങള്‍ സ്വീകരിക്കില്ല'- അഖിലേഷ് യാദവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 2022ല്‍ പാര്‍ട്ടി അധികാരത്തിലേറിയ ശേഷം എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്നും അഖിലേഷ് പറഞ്ഞു.

അഖിലേഷ് യാദവിന്റെ പ്രസ്താവനക്കെതിരെ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ രംഗത്തെത്തി. രാജ്യത്തെ ശാസ്ത്രജ്ഞരെയും ഡോക്ടര്‍മാരെയും അപമാനിക്കുന്നതാണ് അഖിലേഷിന്റെ പ്രസ്താവനയെന്ന് അദ്ദേഹം ആരോപിച്ചു. അഖിലേഷ് യാദവ് വാക്‌സിനെ വിശ്വസിക്കുന്നില്ല. ഉത്തര്‍പ്രദേശിലെ ജനം അദ്ദേഹത്തെയും വിശ്വസിക്കുന്നില്ല. ഡോക്ടര്‍മാരെയും ശാസ്ത്രജ്ഞരെയും അപമാനിച്ച അഖിലേഷ് മാപ്പ് പറയണമെന്നും മൗര്യ ആവശ്യപ്പെട്ടു.