അയോഗ്യത തുടരുന്ന രാഹുൽ ഗാന്ധിക്ക് ആദ്യം ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും പോകാമെങ്കിലും  കോടതികൾ അവധിക്കാലത്തിലേക്ക് കടക്കുന്നതിനാൽ നിയമനടപടികൾ വൈകാനുള്ള സാധ്യതയുണ്ട്

ദില്ലി: കുറ്റക്കാരനെന്നുള്ള വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് സെഷൻസ് കോടതി തള്ളിയതതോടെ നീണ്ട നിയമപോരാട്ടമാണ് രാഹുൽ ഗാന്ധിയെ കാത്തിരിക്കുന്നത്. അദാനി വിഷയം ഉയർത്തിയതിന് വേട്ടയാടുന്നു എന്ന വാദം ശക്തമാക്കി ഇതിനെ രാഷ്ട്രീയമായി നേരിടാനാണ് കോൺഗ്രസ് തീരുമാനം. ഗുജറാത്ത് സെഷൻസ് കോടതി വിധി വരുന്നതിന് തൊട്ടുമുമ്പാണ് അദാനിയെ പ്രധാനമന്ത്രി സഹായിക്കുന്നു എന്ന വിഡിയോ രാഹുൽ ഗാന്ധി വീണ്ടും പുറത്തിറക്കിയത്. അയോഗ്യത തുടരുന്ന രാഹുൽ ഗാന്ധിക്ക് ആദ്യം ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും പോകാമെങ്കിലും നിയമനടപടികൾ വൈകാനുള്ള സാധ്യതയുണ്ട്. കോടതികൾ അവധിക്കാലത്തിലേക്ക് കടക്കുന്നതിനാൽ അടുത്ത രണ്ടാഴ്ചയ്ക്കുളളിൽ രാഹുൽ ഗാന്ധിക്ക് ആശ്വാസം കിട്ടണം.

ഗുജറാത്ത് ഹൈക്കോടതി മെയ് ആറിനാണ് അടക്കുന്നത്. സുപ്രീംകോടതിയിൽ ഇരുപതിന് വേനലവധി തുടങ്ങും. ഗുജറാത്ത് സെഷൻസ് കോടതിയിലെ പ്രധാന അപ്പീലിൻമേലുള്ള നടപടികൾ പൂർത്തിയാകാൻ മേൽക്കോടതികൾ കാത്തുനിന്നാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ മത്സരിക്കാനുള്ള സാധ്യതയും മങ്ങും. വയനാട് മണ്ഡലത്തിൽ തല്ക്കാലം തെരഞ്ഞെടുപ്പ് ആലോചിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി. ഹൈക്കോടതിയോ സുപ്രീംകോടതിയോ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടുമോ എന്ന് നിരീക്ഷിക്കും. കർണ്ണാടക തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം ആലോചിക്കും. തല്ക്കാലം ആറു മാസത്തെ സമയം തെരഞ്ഞെടുപ്പിനുണ്ടെന്ന് കമ്മീഷൻ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

എംപി സ്ഥാനം നഷ്ടപ്പെട്ട രാഹുൽ ഗാന്ധി ഈ മാസം 22 നാണ് വീട് ഒഴിയേണ്ടത്. നാളെയും മറ്റന്നാളുമായി വീട് ഒഴിയാനാണ് കോൺഗ്രസ് തീരുമാനം. രാഹുൽ ഗാന്ധിയുടെ ഓഫീസ് പത്ത് ജൻപഥിലേക്ക് മാറ്റി. സർക്കാർ രാഹുലിനെ വേട്ടയാടുന്നു എന്ന പ്രചാരണം ശക്തമാക്കി രാഷ്ട്രീയമായി നേരിടാനാണ് കോൺഗ്രസ് ആലോചന. പ്രതിപക്ഷ പാർട്ടികളെ കൂടെ നിറുത്തിയുള്ള നീക്കങ്ങളിലൂടെ ഇത് പ്രതിരോധിക്കാൻ നോക്കും. കോൺഗ്രസിന്‍റെ ഈ രാഷ്ട്രീയ നീക്കങ്ങളുടെ ഭാവി നിർണ്ണയിക്കുന്നതിൽ കർണ്ണാടക തെരഞ്ഞെടുപ്പ് ഫലം നിർണ്ണായകമാകും