ജമ്മു കശ്മീര്‍: ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുകളിലെ സംസ്ഥാന പതാക നീക്കം ചെയ്ത് ത്രിവര്‍ണപതാക സ്ഥാപിക്കുന്നത് തുടരുന്നു. ശ്രീനഗര്‍ സെക്രട്ടേറിയേറ്റ് മന്ദിരത്തിന് മുന്നിലെ സംസ്ഥാന പതാക നീക്കം ചെയ്ത് ത്രിവര്‍ണ പതാക സ്ഥാപിച്ചു.

സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതിന് പിന്നാലെയാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മുകളില്‍ ത്രിവർണ പതാക സ്ഥാപിക്കുന്ന നടപടി ആരംഭിച്ചത്. നേരത്തെ സംസ്ഥാനപതാകയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുകളില്‍ ഇനി മുതല്‍ ഇന്ത്യന്‍ പതാക മാത്രമേ ഉണ്ടാകൂ എന്നും, സംസ്ഥാന പതാക നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ആഗസ്റ്റ് 5 നാണ് ജമ്മു കശ്മീരിന് സവിശേഷ അധികാരമുള്ള സംസ്ഥാനമെന്ന പദവി നൽകിയിരുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് രാഷ്ട്രപതി പ്രത്യേക അധികാരം ഉപയോഗിച്ച്   ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയെന്ന് രാജ്യസഭയെ അറിയിച്ചത്. ജമ്മു കശ്മീരിന്‍റെ വളര്‍ച്ചയ്ക്കല്ല ഭീകരതയുടെ വളര്‍ച്ചയ്ക്കായാണ് 370-ാം വകുപ്പ് ഉപയോഗപ്പെടുത്തിയതെന്നും കശ്മീരിലെ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ വേണ്ടിയാണ് 370-ാം വകുപ്പ് എടുത്തു കളയുന്നതെന്നുമാണ് കേന്ദ്രത്തിന്‍റെ വാദം.