മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് ഷെട്ടർ ബി ജെ പിയിൽ വില പേശിയത്. അതിനാൽ തന്നെ സമാനമായ ആവശ്യം കോൺഗ്രസ് നേതൃത്വത്തിന് മുന്നിലും ഷെട്ടർ വയ്ക്കും. മുഖ്യമന്ത്രി സ്ഥാനമല്ലെങ്കിൽ മറ്റെന്താകും ഷെട്ടറിന്‍റെ മനസിലെന്നതും പ്രസക്തമാണ്  

ബംഗളുരു: ബി ജെ പി അംഗത്വം രാജിവച്ചിറങ്ങിയ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ കോൺഗ്രസിലേക്ക് എത്തുമോ?. ഇന്നലെ രാത്രി ഷെട്ടർ ബി ജെ പി വിട്ടിറങ്ങിയതുമുതൽ കർണാടക രാഷ്ട്രീയത്തിൽ സജീവമായ ഈ ചോദ്യത്തിന് അധികം വൈകാതെ ഉത്തരം ലഭിച്ചേക്കും. ഷെട്ടറിനെ കോൺഗ്രസിലെത്തിക്കാൻ തിരക്കിട്ട നീക്കങ്ങളുണ്ടെന്നാണ് വ്യക്തമാകുന്നത്. കോൺഗ്രസിന്‍റെ പ്രമുഖ നേതാക്കൾ തന്നെയാണ് ചരട് വലിക്കുന്നത്. കോലാറിൽ എത്തിയ രാഹുൽ ഗാന്ധി ഇന്ന് രാത്രി കർണാടകയിൽ തങ്ങും. അതിനാൽ തന്നെ ബംഗളുരുവിൽ രാഹുൽ ഗാന്ധി തങ്ങുന്ന ഹോട്ടലിൽ ഷെട്ടർ എത്തി കൂടിക്കാഴ്ച നടത്താനുള്ള സാധ്യതയുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. അങ്ങനെയെങ്കിൽ ഇന്നലെ രാത്രിയിലെ പോലെ ഇന്ന് രാത്രിയും ഷെട്ടറിന്‍റെ വാക്കുകളാകും ക‍ർണാടക രാഷ്ട്രീയം കേൾക്കുക.

അരിപ്പാറ കണ്ണീർ, രാഹുൽ കോലാറിൽ, ചോദ്യങ്ങളും; ബിജെപിക്ക് ഷെട്ടർ 'പണി'! കെജ്രിവാളിനോട് 56 ചോദ്യങ്ങൾ? 10 വാർത്ത

നേരത്തെ കോൺഗ്രസ് സംസ്ഥാന നേതാക്കളുമായി ഷെട്ടർ ആശയ വിനിമയം നടത്തിയതായി റിപ്പോ‍ർട്ടുകൾ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് ഷെട്ടർ ബി ജെ പിയിൽ വില പേശിയത്. അതിനാൽ തന്നെ സമാനമായ ആവശ്യം കോൺഗ്രസ് നേതൃത്വത്തിന് മുന്നിലും ഷെട്ടർ വയ്ക്കും. കോൺഗ്രസ് നേതൃത്വം ചർച്ചയിൽ എടുക്കുന്ന തീരുമാനമാകും നി‍ർണായകം. മുഖ്യമന്ത്രി സ്ഥാനമല്ലെങ്കിൽ മറ്റെന്താകും ഷെട്ടറിന്‍റെ മനസിലെന്നതും പ്രസക്തമാണ്. ഒന്നും നടന്നില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള തയ്യാറെടുപ്പുകളും കർണാടക മുൻ മുഖ്യമന്ത്രി നടത്തുന്നുണ്ട്. അങ്ങനെ വന്നാൽ പുറത്ത് നിന്ന് പിന്തുണയ്ക്കാനുള്ള ആലോചനകളും കോൺഗ്രസിലുണ്ട്. രാഹുൽ ഗാന്ധിക്ക് നാളെ കൂടി കർണാടകയിൽ പരിപാടികളുള്ളതിനാൽ ചർച്ച നീണ്ടുപോകുമോ എന്നതും കണ്ടറിയണം.

ഷെട്ടറുമായി കോൺഗ്രസിൽ നിന്ന് ചർച്ച നടത്തുന്നത് പ്രമുഖ ലിംഗായത്ത് കോൺഗ്രസ് നേതാക്കളാണ്. ഷാമനൂർ ശിവശങ്കരപ്പ, എംബി പാട്ടീൽ തുടങ്ങിയവർ കോൺഗ്രസ് നേതൃത്വത്തെ ചർച്ചയിലെ പുരോഗതി അറിയിക്കുന്നുണ്ട്. സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ തന്നെ ഇവർ ഷെട്ടറിനെ ബന്ധപ്പെട്ടിരുന്നു. നദ്ദയുടെ മറുപടി കാത്തിരിക്കുകയായിരുന്നു ഷെട്ടർ. പക്ഷേ ദില്ലിയിലെ ചർച്ചകളിലും ഷെട്ടറിന് കാര്യമായ ഉറപ്പുകളൊന്നും കിട്ടിയില്ല. ഇതോടെയാണ് പാർട്ടി വിട്ടത്. ഈ സമയം മുതൽ തന്നെ കോൺഗ്രസിലെത്തിക്കാനായി ഷാമനൂർ ശിവശങ്കരപ്പ, എംബി പാട്ടീലും ചർച്ച തുടങ്ങിയിരുന്നു.

ഇന്നലെ അർധരാത്രിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ജഗദീഷ് ഷെട്ടർ ബി ജെ പിയിൽ നിന്ന് രാജി പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, പ്രഹ്ലാദ് ജോഷി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവർ രാത്രിയിൽ നടത്തിയ ചർച്ചയും പരാജയപ്പെട്ടതോടെയാണ് കടുത്ത നടപടികളിലേക്ക് പോയത്. എന്നാൽ മറ്റ് പാർട്ടികളിൽ അംഗത്വം എടുക്കുമോ എന്ന കാര്യത്തിൽ ഷെട്ടർ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇന്ന് രാത്രിയിലെ ചർച്ചകൾക്കൊടുവിലാകും തീരുമാനം.

YouTube video player

പ്രമുഖ ലിംഗായത്ത് ഉപവിഭാഗമായ ബനജിഗ ലിംഗായത്ത് നേതാവാണ് ജഗദീഷ് ഷെട്ടർ. 2012 മുതൽ 2013 വരെ കർണാടക മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചിരുന്നു. ജനസംഘിന്റെ വലിയ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ്. ജഗദീഷ് ഷെട്ടറിന്റെ അമ്മാവൻ സദാശിവ ഷെട്ടർ ദക്ഷിണേന്ത്യയിൽ നിന്ന് ആദ്യമായി തെരഞ്ഞെടുപ്പിൽ വിജയിച്ച ജനസംഘ് എം എൽ എ ആയിരുന്നു. കർണാടകയിലെ ഹുബ്ബള്ളി മേഖലയാണ് ഷെട്ടറിന്‍റെ ശക്തികേന്ദ്രം.