ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട 10 വാർത്തകൾ ഒറ്റനോട്ടത്തിലറിയാം... ചുവടെ

ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂർ; കെജ്രിവാൾ സിബിഐ ആസ്ഥാനത്തുനിന്ന് മടങ്ങി, 56 ചോദ്യങ്ങളെന്ന് പ്രതികരണം

ദില്ലി മദ്യ നയക്കേസിൽ അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. കെജ്രിവാൾ സിബിഐ ഓഫീസിൽ നിന്ന് മടങ്ങി. ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കെജ്രിവാൾ സിബിഐ ഓഫീസ് വിട്ടത്. 56 ചോദ്യങ്ങളാണ് ചോദിച്ചതെന്ന് പുറത്തിറങ്ങിയ ശേഷം കെജ്രിവാൾ പ്രതികരിച്ചു. ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തിൽ നാളെ പ്രത്യേക നിയമസഭാ സമ്മേളനം ദില്ലിയിൽ ചേരുമെന്ന് നിയമസഭാ സെക്രട്ടറി രാജ് കുമാർ അറിയിച്ചു. ദില്ലിയിലെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് ചർച്ച ചെയ്യുമെന്നും നിയമസഭ സെക്രട്ടറി പറഞ്ഞു. അതേസമയം പ്രത്യേക സമ്മേളനം ചേരുന്നതിൽ വിയോജിപ്പ് രേഖപ്പെടുത്തിയ ലഫ്. ഗവർണർ നടപടിക്രമങ്ങൾ ലംഘിച്ചാണ് സമ്മേളനം ചേരുന്നതെന്ന് വ്യക്തമാക്കിയിരുന്നു. 

2'മോദി പണം നൽകുന്നത് അദാനിക്ക്', കോലാറിൽ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി

കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി. പ്രധാനമന്ത്രി അദാനിക്ക് പണം നൽകുന്നു, എന്നാൽ കോൺ​ഗ്രസ് ദരിദ്രർക്കും യുവാക്കൾക്കും മഹിളകൾക്കും നൽകുന്നുവെന്ന് രാഹുൽ പറഞ്ഞു. കർണാടകയിൽ കോൺ​ഗ്രസ് അധികാരത്തിലെത്തുമെന്നും രാഹുൽ ​ഗാന്ധി. അയോ​ഗ്യനാക്കിയതിന് ശേഷം ആദ്യമായി കോലാറിലെത്തിയ രാഹുൽ ​ഗാന്ധി ബിജെപിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു. കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ പാവപ്പെട്ടവർക്കായി എന്തു ചെയ്യും എന്ന ചോദ്യം കുറച്ച് ദിവസമായി കേൾക്കുന്നുണ്ട്. ഹിമാചൽ അടക്കം നിരവധി സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നു. എന്തെല്ലാം ചെയ്യണം എന്ന് നേതാക്കൾ തന്നോട് ചോദിച്ചു. നടപ്പിലാക്കാവുന്ന വാഗ്ദാനങ്ങൾ നൽകൂ, അത് ആദ്യ മന്ത്രി സഭാ യോഗത്തിൽ തന്നെ നടപ്പാക്കൂ എന്നാണ് താൻ പറഞ്ഞത്. ഇത് തന്നെയാണ് തനിക്ക് കർണാടക നേതാക്കളോടും പറയാനുള്ളതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

3ജ​ഗദീഷ് ഷെട്ടറിനെ കോൺ​ഗ്രസിലെത്തിക്കാൻ ചരടുവലിച്ച് നേതാക്കൾ

സീറ്റ് തർക്കത്തെ തുടർ‌ന്ന് ബിജെപിയിൽ നിന്ന് രാജിവെച്ച ജ​ഗദീഷ് ഷെട്ടറിനെ കോൺഗ്രസിലെത്തിക്കാൻ ചരട് വലിച്ച് നേതാക്കൾ. പാർട്ടിയിൽ ചേരുന്നതിൽ കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തും. പ്രമുഖ ലിംഗായത്ത് നേതാക്കളായ ഷാമനൂർ ശിവശങ്കരപ്പയുമായും എം ബി പാട്ടീലുമായും ഷെട്ടർ ചർച്ച നടത്തുന്നുണ്ട്. കേന്ദ്രമന്ത്രി പദവിയോ, ഗവർണർ പദവിയോ നൽകാമെന്ന് ബിജെപി നേതൃത്വം പറഞ്ഞെങ്കിലും ഷെട്ടർ വഴങ്ങിയിരുന്നില്ല. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് ഷെട്ടർ ബിജെപിയിൽ വില പേശിയത്. സമാനമായ ആവശ്യം കോൺഗ്രസ് നേതൃത്വത്തിന് മുന്നിലും ഷെട്ടർ വയ്ക്കാനാണ് സാധ്യത. ബെംഗളുരുവിൽ രാഹുൽ ഗാന്ധി തങ്ങുന്ന ഹോട്ടലിൽ വൈകിട്ട് എത്തി ഷെട്ടർ കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്. ഇന്നലെ അർധരാത്രിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ജഗദീഷ് ഷെട്ടർ രാജി പ്രഖ്യാപിച്ചത്.

4അതീഖ് കൊലപാതകം: ഒരേ ഒരു കാരണമെന്ന് പ്രതികൾ, പിടിയിലായ 3 പേർ മാത്രമല്ല, 2 പ്രതികൾ കൂടി; ചോദ്യം ചെയ്യൽ വിവരങ്ങൾ

രാജ്യം ഞെട്ടിയ അതീഖ് അഹമ്മദിന്‍റെയും സഹോദരന്‍റെയും കൊലപാതക കേസിൽ പിടിയിലായ കൊലയാളികളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യ്തു. അതീഖ് കൊലപാതകത്തിന് ഒരേ ഒരു കാരണമേയുള്ളു എന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. പ്രശസ്തിക്ക് വേണ്ടിയാണ് കൊലപാതകമെന്നാണ് പ്രതികളുടെ മൊഴി. എന്നാൽ പൊലീസ് കൂടുതൽ അന്വേഷണത്തിലാണ്. ഇവർക്ക് ചില സംഘടനകളുമായി ബന്ധമുണ്ട് എന്ന റിപ്പോർട്ടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ള മൂന്നു പേരെ കൂടാതെ തിരിച്ചറിയാത്ത രണ്ടു പേരെയും പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്.

5തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തിൽ‌ രണ്ട് വിദ്യാർത്ഥികൾ‌ മുങ്ങിമരിച്ചു

കോഴിക്കോട് തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തിൽ മുങ്ങി രണ്ട് വിദ്യാർഥികൾ മരിച്ചു. കോഴിക്കോട് മാങ്കാവിൽ നിന്നെത്തിയ 14 പേരടങ്ങുന്ന സംഘത്തിലെ 5 പേരാണ് വെള്ളച്ചാട്ടത്തിന് സമീപം മുങ്ങിപ്പോയത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. 8, 9 ക്ലാസ് വിദ്യാർത്ഥികളായ അശ്വന്ത് കൃഷ്ണ, അഭിനവ് എന്നിവരാണ് മരിച്ചത്. മുതിർന്ന 3 പേരെ സെക്യൂരിറ്റി ജീവനക്കാർ ബഹളം കേട്ട് എത്തി ആദ്യം രക്ഷിച്ചു. പിന്നീട് കുട്ടികളും അപകടത്തിൽ പെട്ട വിവരം അറിഞ്ഞ് തെരച്ചിൽ നടത്തുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

6വന്ദേഭാരത് മംഗലുരു വരെ നീട്ടണം; കേന്ദ്ര റെയില്‍വെ മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് മംഗലുരു വരെ നീട്ടണമെന്നും റെയില്‍ പാളങ്ങളിലെ വളവുകള്‍ നികത്തി ഹൈ- സ്പീഡ് റെയില്‍ കണക്ടിവിറ്റി സംസ്ഥാനത്ത് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേന്ദ്ര റെയില്‍വെ മന്ത്രിക്ക് കത്തയച്ചു. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ പ്രഖ്യാപിച്ചിരിക്കുന്ന വന്ദേഭാരത് സര്‍വീസില്‍ കാസര്‍കോടിനെ കൂടി ഉള്‍പ്പെടുത്തണമെന്നും കണക്ടിവിറ്റി പൂര്‍ണമാകാന്‍ മംഗലുരു വരെ സര്‍വീസ് നീട്ടണമെന്നുമാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ റെയില്‍ പാളങ്ങളുടെ വളവുകള്‍ നികത്തിയും സിഗ്നലിങ് സംവിധാനം മെച്ചപ്പെടുത്തിയും വന്ദേഭാരതിന് പരമാവധി സ്പീഡില്‍ സര്‍വീസ് നടത്താനുള്ള സൗകര്യം ഒരുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

7'മൃതദേഹം നീക്കാനായിട്ടില്ല, ഭക്ഷണമില്ല, ഭയന്ന് കഴിയുകയാണ്'; സഹായം തേടി സുഡാനിൽ കൊല്ലപ്പെട്ട ആൽബർട്ടിന്റെ ഭാര്യ

സുഡാനിൽ വെടിയേറ്റ് മരിച്ച ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യ സൈബല്ല സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തി. 24 മണിക്കൂർ കഴിഞ്ഞിട്ടും മൃതദേഹം പോലും നീക്കാൻ കഴിഞ്ഞില്ലെന്നും ഫ്ലാറ്റിന്റെ അടിത്തട്ടിൽ ഭക്ഷണം പോലും ഇല്ലാതെ ഭയന്ന് കഴിയുകയാണ് താനും മകളുമെന്നും ഇസബെല്ല പറഞ്ഞു. സർക്കാർ അടിയന്തര സഹായം നൽകണം എന്നും ഇവർ ആവശ്യപ്പെട്ടു. കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിനാണ് സുഡാനിൽ കൊല്ലപ്പെട്ടത്. ദാല്‍ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനാണ് ആല്‍ബര്‍ട്ട് അഗസ്റ്റിന്‍. 48 വയസായിരുന്നു. അതേസമയം സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

8കനത്ത ചൂടില്‍ വെന്തുരുകി കേരളം; വേനല്‍മഴയില്‍ ഇതുവരെ 38 ശതമാനത്തിന്‍റെ കുറവ്

കനത്ത ചൂടിൽ കേരളം വെന്തുരുകുമ്പോൾ, വേനൽമഴയിൽ ഇതുവരെ രേഖപ്പെടുത്തിയത് 38 ശതമാനത്തിന്റെ കുറവ്. വടക്കൻ ജില്ലകളിലാണ് മഴക്കുറവ് ഏറെയും കൂടുതല്‍ അനുഭവപ്പെട്ടത്. മാർച്ച് ഒന്നിന് തുടങ്ങിയ വേനൽക്കാലം, ഒന്നരമാസം പിന്നിടുമ്പോൾ കേരളത്തിന് 38 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. വേനൽക്കാലത്ത് തീരെ മഴ കിട്ടാതിരുന്നത് കണ്ണൂരിലാണ്. 100 ശതമാനം മഴ കുറവാണ് കണ്ണൂരിൽ രേഖപ്പെടുത്തിയത്. മലപ്പുറത്ത് 95 ശതമാനം മഴ കുറവും കാസർകോട്, കണ്ണൂർ ജില്ലകളിൽ 94 ശതമാനം കുറവുമാണ് രേഖപ്പെടുത്തിയത്. തൃശ്ശൂരിൽ 82 ശതമാനം മഴ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണയേക്കാൾ കൂടുതൽ മഴ കിട്ടിയത് പത്തനംതിട്ടയിൽ മാത്രമാണ്. 27 ശതമാനം അധികം മഴയാണ് പത്തനംതിട്ടയിൽ കിട്ടിയത്. ഇടുക്കി, കോട്ടയം, വയനാട് ജില്ലകളിൽ സാധാരണ മഴ കിട്ടി. കാറ്റിന്‍റെ ഗതിയിലുണ്ടാകുന്ന മാറ്റവും, ഒറ്റപ്പെട്ട മഴയും കാരണം, ഇനിയുള്ള ദിവസങ്ങളിൽ ചൂടിന് അൽപം ശമനമുണ്ടാകും.

9'സന്തോഷിന്‍റെ ആരോഗ്യ നില ഗുരുതരം'; സന്ദർശിച്ച് മന്ത്രി രാധാകൃഷ്ണൻ, ഒരാൾ പോലും രക്ഷപ്പെടില്ല

ആൾക്കൂട്ട മ‍ർദ്ദനത്തിൽ പരിക്കേറ്റ സന്തോഷിന്‍റെ ആരോഗ്യ നില ഗുരുതരമാണെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. തൃശൂർ മെഡിക്കൽ കോളേജിൽ ന്യൂറോ ഐ സി യുവിലെത്തി സന്തോഷിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്നലെ ശസ്ത്രക്രിയ നടത്തിയിരുന്നു. സിടി സ്കാൻ എടുത്തിട്ടുണ്ട്. ഡോക്ടർമാർ പരമാവധി പരിശ്രമിക്കുന്നുണ്ട്. പൊലീസ് വിശദ അന്വേഷണം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സംഭവം അറിഞ്ഞപ്പോൾ തന്നെ മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും ബന്ധപ്പെട്ടു. സന്തോഷിന് മികച്ച ചികിത്സ ഉറപ്പാക്കും. നാല് പ്രതികൾ നിലവിൽ അറസ്റ്റിലായിട്ടുണ്ട്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. രണ്ടേമുക്കാൽ വരെ സന്തോഷ് വീട്ടിലുണ്ടായിരുന്നു. എന്തിനാണെന്ന് പോലും അറിയാതെയാണ് മർദ്ദനം. ഒരാളെ പ്പോലും രക്ഷപെടാൻ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

10ഹരിപ്പാട്ടെ കസ്റ്റഡി പീഡനം; ഡിവൈഎസ്പി അടക്കം 7 പൊലീസുകാര്‍ക്കെതിരെ കേസ്

ഹരിപ്പാട്ടെ കസ്റ്റഡി പീഡനത്തിൽ ഡിവൈഎസ്പി അടക്കം 7 പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. ഹരിപ്പാട് പൊലീസ് ആണ് കേസെടുത്തത്. ബാങ്ക് ഉദ്യോഗസ്ഥൻ അരുണിനെ കള്ളക്കേസെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചതിന് ആണ് കേസ്. സംഭവത്തിൽ കേസെടുക്കാൻ മനുഷ്യാവകാശ കമീഷന്‍റെ നിര്‍ദ്ദേശമുണ്ടായിരുന്നു. 2017 ലെ യുഡിഎഫ് ഹര്‍ത്താൽ ദിവസമാണ് കേസിന്നാസ്പദമായ സംഭവം. ബസിന് കല്ലെറിഞ്ഞെന്ന് ആരോപിച്ച് അരുണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് അരുണിന് ഒരു മാസം ആശുപത്രിയില്‍ കിടക്കേണ്ടി വന്നിരുന്നു. ഡിവൈഎസ്പി മനോജ് കരണത്തടിക്കുകയും വൃഷണം ഞെരിക്കുകയും ചെയ്തെന്നാണ് എഫ്ഐആറിൽ പറയുന്നത്. എസ്ഐയും മറ്റ് പൊലീസുകാരും കുനിച്ച് നി‍ർത്തി നട്ടെല്ലിനും പുറത്തും മ‍ർദ്ദിക്കുകയുമായിരുന്നു.

YouTube video player