ദില്ലി: ആന്ധ്രാപ്രദേശ്‌ നിയുക്ത മുഖ്യമന്ത്രിയും വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ നേതാവുമായ വൈഎസ്‌ ജഗന്മോഹന്‍ റെഡ്ഡി ഹിന്ദുമതം സ്വീകരിച്ചെന്ന പ്രചാരണം വ്യാജമാണെന്ന്‌ ഇന്ത്യാ ടുഡേയുടെ വ്യാജവാര്‍ത്താ വിരുദ്ധ വിഭാഗത്തിന്റെ കണ്ടെത്തല്‍. തിരുവനന്തപുരം സ്വദേശിയായ മനോജ്‌ നായര്‍ എന്ന വ്യക്തിയാണ്‌ ജഗന്‍ മതം മാറിയെന്ന വിവരം വീഡിയോ സഹിതം രണ്ട്‌ ദിവസം മുമ്പ്‌ പങ്കുവച്ചത്‌!

ക്രിസ്‌തുമത വിശ്വാസിയാണ്‌ ജഗന്‍. സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ കാര്‍മ്മികത്വത്തില്‍ അദ്ദേഹം ഹിന്ദുമതം സ്വീകരിക്കുന്ന വീഡിയോ എന്ന പേരിലാണ്‌ ഫേസ്‌ബുക്കില്‍ വീഡിയോ പ്രചരിച്ചത്‌. സത്യപ്രതിജ്ഞാ ചടങ്ങ്‌ മെയ്‌ 30ന്‌ നടത്താന്‍ ജഗനോട്‌ നിര്‍ദേശിച്ചത്‌ സ്വാമിയാണെന്നും വീഡിയോയ്‌ക്കൊപ്പം മനോജ്‌ നായര്‍ പറഞ്ഞിരുന്നു. നിരവധി ഫേസ്‌ബുക്ക്‌ ഉപയോക്താക്കള്‍ ഇത്‌ ഷെയര്‍ ചെയ്യുകയും വീഡിയോ വൈറലാവുകയും ചെയ്‌തു. ജഗന്‌ മതം മാറിയോ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ചര്‍ച്ചയും സജീവമായിരുന്നു.
 

ഈ വീഡിയോ 2016ലേതാണെന്നാണ്‌ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്‌. റിഷികേശില്‍ വച്ച്‌ ഹോമം എന്ന പ്രത്യേക പൂജ ജഗന്‍ നിര്‍വ്വഹിക്കുന്നതിന്റെ ദൃശ്യങ്ങളാണിതെന്നും ഇന്ത്യാ ടുഡേ കണ്ടെത്തി. ആന്ധ്രയ്‌ക്ക്‌ പ്രത്യേക പദവി ലഭിക്കുന്നതിനുള്ള പ്രാര്‍ഥനയുടെ ഭാഗമായിരുന്നു ആ ചടങ്ങ്‌. പൂജയ്‌ക്ക്‌ ശേഷം അന്നദാനവും ജഗന്‍ നടത്തിയിരുന്നു.