അമരാവതി: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എട്ട് കോടി ചെലവിട്ട് നിർമിച്ച പ്രത്യേക ഓഫീസ് കെട്ടിടം പൊളിക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. ചട്ടങ്ങൾ പാലിക്കാതെയാണ് കെട്ടിടം നിർമിച്ചതെന്ന് വിശദീകരിച്ചാണ് തീരുമാനം. അമരാവതിയിലെ  ഔദ്യോഗിക വസതിയോട് ചേർന്നാണ് നായിഡു പ്രജാ വേദികെ എന്ന കെട്ടിടം പണിതിരുന്നത്. 

കെട്ടിടത്തിൽ കളക്ടർമാരുടെ യോഗം വിളിച്ച ജഗൻ മോഹൻ റെഡ്ഡി, ഈ കെട്ടിടത്തിലെ അവസാന യോഗമായിരിക്കും ഇതെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പ്രതികാര രാഷ്ട്രീയം കളിക്കുകയാണ് വൈഎസ്ആർ കോൺഗ്രസെന്ന് ടിഡിപി കുറ്റപ്പെടുത്തി. നാളെയാണ് കെട്ടിടം പൊളിക്കാൻ തുടങ്ങുക. 

നിയമസഭാ തെരഞ്ഞെടുപ്പിലെ ടിഡിപിയുടെ പരാജയത്തിന് ശേഷം പ്രതിപക്ഷ നേതാവിന്‍റെ കീഴിലായി കെട്ടിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു ജൂൺ 5ന് ജഗൻ മോഹൻ റെഡ്ഡിക്ക് കത്തെഴുതിയിരുന്നു.