ബംഗളൂരു: രണ്ട് വര്‍ഷം മുമ്പ് ബംഗളൂരില്‍ അറസ്റ്റിലായ പാക് ദമ്പതികളെ തിരിച്ചയച്ചു. കറാച്ചി സ്വദേശികളായ ഖാഷിഫ് ഷംസുദ്ദീന്‍(32), ഭാര്യ കിരണ്‍ ഗുലാം അലി(27) എന്നിവരെയാണ് ഞായറാഴ്ച വാഗ-അട്ടാരിയില്‍ പാകിസ്ഥാന്‍ അധികൃതര്‍ക്ക് കൈമാറിയത്. 

2017ലാണ് ഇവര്‍ ബംഗളൂരു പൊലീസ് പിടിയിലാകുന്നത്. പാലക്കാട് പട്ടാമ്പി സ്വദേശിയായ മുഹമ്മദ് ശിഹാബ്, ഭാര്യയും പാകിസ്ഥാന്‍ സ്വദേശിയുമായ സമീറ അബ്ദുറഹ്മാന്‍ എന്നിവരോടൊപ്പമാണ് ഇവരും പിടിയിലാകുന്നത്. അനധികൃതമായിട്ടാണ് ഇവര്‍ ബംഗളൂരിവില്‍ താമസിച്ചിരുന്നത്. ഇവരുടെ വിഷയത്തില്‍ എത്രയും വേഗത്തില്‍ നടപടിയെടുക്കാന്‍ കര്‍ണാടക ഹൈക്കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് നടപടി. 

ഷിഹാബിന്‍റെയും സമീറയുടെയും വിവാഹക്കാര്യത്തിനാണ് ഖത്തറില്‍ ജോലി ചെയ്തിരുന്ന ഇവര്‍ നേപ്പാള്‍ അതിര്‍ത്തി വഴി ഇന്ത്യയിലെത്തിയത്. ബംഗളൂരുവിലെത്തിയ ഇവര്‍ വ്യാജ രേഖകള്‍ നിര്‍മിച്ചാണ് താമസിച്ചത്.