Asianet News MalayalamAsianet News Malayalam

'യെച്ചൂരി ടു ഇൻ വൺ സെക്രട്ടറി'; ഇഷ്ടപ്പെട്ട രണ്ട് പാർലമെന്‍റേറിയൻമാരെക്കുറിച്ചും വെളിപ്പെടുത്തി ജയ്റാം രമേശ്

മോദിക്കും ബി ജെ പിക്കും എതിരായ‌‌‌ പോരാട്ടത്തിൽ കോൺഗ്രസ് കൂടുതൽ ശക്തമാകേണ്ടതുണ്ടെന്നും ഭാരത്‌ ജോഡോ യാത്ര പ്രതിപക്ഷത്തെ ചേർത്ത്‌ നിർത്തുന്ന ഫെവിക്കോൾ എന്നും അഭിപ്രായപ്പെട്ടു

jairam ramesh praises sitaram yechury
Author
First Published Nov 12, 2022, 5:23 PM IST

ദില്ലി: ആർ എസ് പി ദേശീയ സമ്മേളന വേദിയിൽ സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് മാധ്യമ വിഭാഗം തലവൻ ജയ്റാം രമേശ്. യെച്ചൂരി ടു ഇൻ വൺ സെക്രട്ടറിയാണെന്നാണ് എ ഐ സി സി ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടത്. അതായത് ഒരേ ‌സമയം‌‌ കോൺഗ്രസിന്‍റെയും സി പി എമ്മിന്‍റെയും ജനറൽ സെക്രട്ടറി ‌ എന്ന് ജയറാം ‌രമേശ് വിശദികരിച്ചു. മോദിക്കും ബി ജെ പിക്കും എതിരായ‌‌‌ പോരാട്ടത്തിൽ കോൺഗ്രസ് കൂടുതൽ ശക്തമാകേണ്ടതുണ്ടെന്നും ഭാരത്‌ ജോഡോ യാത്ര പ്രതിപക്ഷത്തെ ചേർത്ത്‌ നിർത്തുന്ന ഫെവിക്കോൾ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മോദിക്കെതിരായ മുന്നേറ്റത്തിൽ ഇടത് പാർട്ടികൾക്ക് ഒപ്പമെന്നും ആർ എസ് പി ഏറെ പ്രധാനപ്പെട്ട പാർട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർ എസ് പിയുമായി അടുപ്പം തോന്നാനുള്ള  കാരണങ്ങളിൽ ഒന്ന് എൻ കെ പ്രേമചന്ദ്രൻ എന്ന മിടുക്കനായ പാർലമെന്‍റേറിയനാണെന്നും ജയറാം ‌രമേശ് വ്യക്തമാക്കി. മാത്രമല്ല തനിക്കേറ്റവും പ്രിയപ്പെട്ട പാർലമെന്‍റേറിയൻമാരിൽ‌ പി രാജീവും എൻ കെ പ്രേമചന്ദ്രനും ഉൾപ്പെടുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ആർ എസ് പി ദേശീയ സമ്മേളനത്തിലെ ഓപ്പൺ സെമിനാറിൽ സംസാരിക്കവെയാണ് എ ഐ സി സി ജനറൽ സെക്രട്ടറി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഫോർവാർഡ് ബ്ളോക്ക് നേതാവ് ജി ദേവരാജൻ എന്നിവരും സെമിനാറിൽ പങ്കെടുത്തു.

അതേസമയം നരേന്ദ്രമോദിക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷ വിമർശനങ്ങളാണ് സെമിനാറിൽ പങ്കെടുത്ത സി പി എം ജനറൽ സെക്രട്ടറി ഉന്നയിച്ചത്. അയോധ്യ ക്ഷേത്ര നിർമ്മാണം‌‌‌ സർക്കാർ പദ്ധതി പോലെയാണ് നടത്തപ്പെടുന്നതെന്നും സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി സ്ഥലം സന്ദർശിക്കുന്നു, നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു, അത്തരത്തിലുള്ള കാര്യങ്ങളാണ് അയോധ്യയിൽ കാണുന്നതെന്നും അതിന് പിന്നിലെ രാഷ്ട്രീയം വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. മിസോറാമിലും ഹിമാചലിലും കാണുന്നത്‌ ചെറുപാർട്ടികളെ ഇല്ലാതാക്കാനുള്ള ശ്രമമാണെന്നും ജനകീയ മുന്നേറ്റങ്ങളിലൂടെ മാത്രമേ ചെറു പാർട്ടികൾക്ക് നിലനിൽക്കാൻ കഴിയുകയുള്ളുവെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. 'വിശന്നു മരിച്ചാലും വിശ്വാസം കൈവിടാത്തവരാണ് ഇന്ത്യക്കാരെന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹിമാചലിൽ പ്രസംഗിച്ചത്. ഇത്തരം  അന്ധവിശ്വാസങ്ങളും യുക്തിയില്ലായ്മകൾക്കുമെതിരെയാണ് ജനങ്ങൾ പ്രവർത്തിക്കേണ്ടത്. ഇതിൽ നിന്നെല്ലാം രാജ്യത്തെ രക്ഷിക്കാൻ എല്ലാവർക്കും ഒന്നിച്ചു നിൽക്കാമെന്നും പറഞ്ഞാണ് യെച്ചൂരി പ്രസംഗം അവസാനിപ്പിച്ചത്.

'രാജ്യത്തെ രക്ഷിക്കാൻ ഒന്നിച്ചു നിൽക്കാം, ഗവർണർമാരുടെ പ്രവർത്തനം കേന്ദ്രസർക്കാർ അജണ്ടയുടെ ഭാഗം': യെച്ചൂരി
 

Follow Us:
Download App:
  • android
  • ios