ദില്ലി: ബലാകോട്ടിലുണ്ടായിരുന്ന ജയ്ഷെ മുഹമ്മദിന്‍റെ ഭീകരവാദി ക്യാംപിലുണ്ടായിരുന്നത് അത്യന്താധുനിക സൗകര്യങ്ങളെന്ന് റിപ്പോർട്ടുകൾ. ഭീകരരും ചാവേറുകളും അടങ്ങുന്ന നൂറ് കണക്കിന് പേരെയാണ് ഇവിടെ താമസിപ്പിച്ചിരിക്കുന്നത്. ഇതിൽ നിരവധിപ്പേർ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്താൻ തയ്യാറെടുക്കുകയായിരുന്നെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അൽഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദൻ കഴിഞ്ഞിരുന്ന അബൊട്ടാബാദിന് 80 കിലോമീറ്റർ അകലെയാണ് ബലാകോട്ട്. 

പുൽവാമ ഭീകരാക്രമണത്തിന് ശേഷം പാക് അധീന കശ്മീരിലെ വിവിധ ക്യാംപുകളിലായിരുന്ന ഇവരെ എല്ലാവരെയും ബലാകോട്ടിലെ കനത്ത കാട്ടിനുള്ളിലെ പരിശീലനകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ആധുനിക സൗകര്യങ്ങളുള്ള ഈ ക്യാംപിൽ ഫൈവ് സ്റ്റാർ സൗകര്യങ്ങളുണ്ടായിരുന്നെന്നാണ് സൂചന.

ഭീകരർ ഉറങ്ങുമ്പോൾ തീർത്തും അപ്രതീക്ഷിതമായാണ് ഇന്ത്യൻ വിമാനങ്ങൾ ഇങ്ങോട്ട് പറന്നെത്തി ആക്രമണം നടത്തിയത്. വെറും 90 സെക്കന്‍റിൽ ക്യാംപിന് മേൽ ബോംബ് വർഷിച്ച് ഇന്ത്യൻ വിമാനങ്ങൾ തിരികെപ്പറന്നു. ഒരു പോറൽ പോലും സൈനികർക്കോ വിമാനങ്ങൾക്കോ ഏറ്റതുമില്ല.

ജയ്ഷിന്‍റെ ഏറ്റവും വലിയ പരിശീലന കേന്ദ്രം

ജയ്ഷെ മുഹമ്മദിന്‍റെ പാകിസ്ഥാനിലെ ഏറ്റവും വലിയ പരിശീലനകേന്ദ്രങ്ങളിലൊന്നായിരുന്നു ബലാകോട്ടിലേത്. ജയ്ഷെ തലവൻ മസൂദ് അസറിന്‍റെ ബന്ധുക്കളെയെല്ലാം പരിശീലിപ്പിച്ചത് ഇവിടെയാണ്. മസൂദ് അസറിന്‍റെ ഭാര്യാ സഹോദരൻമാരിലൊരാളായ യൂസുഫ് അസറായിരുന്നു ഈ കേന്ദ്രം നടത്തിയിരുന്നത്. 

325 ഭീകരവാദികളും 25 മുതൽ 27 വരെയുള്ള പരിശീലകരും ഇവിടെയുണ്ടായിരുന്നെന്നാണ് സൂചന. മസൂദ് അസറും മറ്റ് നേതാക്കളും കൃത്യമായ ഇടവേളകളിൽ ഇവിടെയെത്തി ഭീകരവാദികൾക്ക് ക്ലാസ്സെടുക്കാറുണ്ട്, പ്രഭാഷണങ്ങൾ നടത്താറുണ്ട്. ഈ ഇടം പണ്ട് ഹിസ്‍ബുൾ മുജാഹിദ്ദീനും ക്യാംപായി ഉപയോഗിച്ചിരുന്നെന്നാണ് സൂചന.

കുൻഹാർ നദിയുടെ തൊട്ടടുത്തുള്ള പ്രദേശത്ത് ഭീകരവാദികൾക്ക് ഏതൊഴുക്കിനെയും നീന്തിത്തോൽപിക്കാനുള്ള പരിശീലനം നൽകിയിരുന്നു. 

ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യേണ്ടതെങ്ങനെ, സുരക്ഷാസേനയുടെ വാഹനങ്ങൾ ആക്രമിക്കുന്നതെങ്ങനെ, ചാവേറാക്രമണങ്ങൾ നടത്തുന്നതെങ്ങനെ, അതിനായി വാഹനങ്ങൾ തയ്യാറാക്കി നിർത്തുന്നതെങ്ങനെ, ഇന്ത്യൻ സൈന്യത്തിന്‍റെ പിടിയിലകപ്പെട്ടാൽ ഏത് സമ്മർദ്ദത്തെയും നേരിടുന്നതെങ്ങനെ എന്നിവയെല്ലാം പരിശീലിപ്പിക്കാൻ പ്രത്യേക സൗകര്യങ്ങളുണ്ട് ഈ ക്യാംപിൽ. 

മതപരമായ ആശയപ്രചാരണവും ഭീകരവാദികളെ കടുത്ത രീതിയിൽ മനസ്സ് മാറ്റിയെടുക്കലും ലക്ഷ്യമിട്ട് നിരവധി മതപഠനക്ലാസ്സുകൾ ഈ ക്യാംപിൽ നടക്കാറുണ്ടായിരുന്നു.