ബംഗ്ലാദേശി അഭയാര്‍ഥികളുടെ രൂപത്തിലാണ് ഇവര്‍ സംസ്ഥാനങ്ങളിലേക്ക് എത്തിയത് 

ദില്ലി:ബംഗ്ലാദേശി ഭീകരസംഘടനയായ ജമാഅത്ത്-ഉൽ-മുജാഹിദ്ദീൻ ബംഗ്ലാദേശ് (ജെഎംബി) ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്നതായി എന്‍ഐഎ റിപ്പോര്‍ട്ട്. ഇതിനായി സംഘടനയുടെ 125 ഓളം പ്രവര്‍ത്തകര്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് നുഴഞ്ഞുകയറിയതായി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ ഐഎ ) മേധാവി വൈ സി മോദി പറഞ്ഞു. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് ഇവരെത്തിയതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

‍ഝാർഖണ്ഡ്, മഹാരാഷ്ട്ര, കര്‍ണാടക, ബീഹാര്‍ എന്നിവയാണ് മറ്റ് നാല് സംസ്ഥാനങ്ങള്‍. ബംഗ്ലാദേശി അഭയാര്‍ഥികളുടെ രൂപത്തിലാണ് ഇവര്‍ സംസ്ഥാനങ്ങളിലേക്ക് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകര വിരുദ്ധ സ്ക്വാര്‍ഡ് തലവന്മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബെം​ഗളൂരുവില്‍ മാത്രം 2014 മുതല്‍ 2018 വരെയുള്ള കാലഘട്ടത്തില്‍ സംഘടന ഇരുപത്തിരണ്ടോളം ഒളിസങ്കേതങ്ങള്‍ ആരംഭിച്ചതായി എന്‍ഐഎ ഇന്‍സ്പെക്ടര്‍ അലോക് മിത്തല്‍ പറഞ്ഞു. കര്‍ണാടക ബോഡറിലെ കൃഷ്ണഗിരിയില്‍ റോക്കറ്റ് ലോഞ്ചറുകള്‍ പരീക്ഷിച്ചു. ഇത് കൂടാതെ ജമാഅത്ത്-ഉൽ-മുജാഹിദ്ദീൻ ബുദ്ധക്ഷേത്രങ്ങള്‍ ആക്രമിക്കാന്‍ ലക്ഷ്യമിട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി.